ബിർമിങ്ഹാം: എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോൾ നെഞ്ചിടിച്ചത് ഇന്ത്യക്കായിരുന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പാണ് ന്യൂസിലാൻഡ് നൽകിയത്. ന്യൂസിലാൻഡിന്‍റെ ഉജ്ജ്വലപേസ് ബൗളിങ്ങിനെ ഇന്ത്യ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.
മാറ്റ് ഹെൻട്രി-ട്രെന്‍റ് ബോൾട്ട്-നീൽ വാഗ്നർ പേസ് ത്രയമാണ് ഇംഗ്ലണ്ടിനെ കുടഞ്ഞെറിഞ്ഞത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 303 റൺസിന് പുറത്താക്കിയ കിവീസ് മറുപടി ബാറ്റിങ്ങിൽ 388 റൺസ് സ്വന്തമാക്കി ലീഡുയർത്തി. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലീഷ് ബാറ്റിങ് നിര 122 റൺസിന് പുറത്തായപ്പോൾ കിവീസിന് വിജയത്തിലേക്ക് വേണ്ടത് 38 റൺസ് മാത്രം. മൂന്നു റൺസെടുത്ത ഡെവൺ കോൺവോയെയും എട്ടുറൺസെടുത്ത വിൽ യങ്ങിനെയും നഷ്ടപ്പെടുത്തി 10.5 ഓവറിൽ ന്യൂസിലൻഡ് ലക്ഷ്യം നേടിയെടുത്തു.
ഇംഗ്ലീഷ് ബാറ്റിങ്ങിന്‍റെ മുൻനിര തകർത്തെറിഞ്ഞ മാറ്റ് ഹെൻട്രിയാണ് മാൻ ഓഫ ദി മാച്ച്. ഡെവൺ കോൺവോയും റോറി ബേൺസും മാൻ ഓഫ് ദി സീരീസ് പുരസ്കാരം പങ്കിട്ടു. ലോർഡ്സിൽ നടന്ന ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. ജൂൺ 18 മുതൽ 22വരെ സതാംപട്ണിലെ റോസ് ബൗളിലാണ് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയും ന്യൂസിലാൻഡും കൊമ്പുകോർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.