കിവികളെ കൂട്ടിലടച്ച് അഫ്ഗാൻ; ട്വന്റി 20 ലോകകപ്പിൽ വമ്പൻ ജയം

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്താൻ. 84 റൺസിന്റെ വമ്പൻ ജയമാണ് അഫ്ഗാൻ നേടിയത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിനെ 75 റൺസിന് എറിഞ്ഞിട്ടാണ് അഫ്ഗാൻ വൻ ജയം ആഘോഷിച്ചത്. ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് അഫ്ഗാന് ജയമൊരുക്കിയത്.

ടോസ് നേടിയ ​ന്യൂസിലാൻഡ് അഫ്ഗാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച പ്രകടനമാണ് അഫ്ഗാന് വേണ്ടി ഓപ്പണർമാരായ റഹമാനുള്ള ഗുർബാസും ഇബ്രാഹിം സർദാനും നടത്തിയത്. ഗുർബാസ് 80 റൺസും സർദാൻ 44 റൺസും നേടി. ഇരുവരും ചേർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് അഫ്ഗാന് 103 റൺസാണ് സമ്മാനിച്ചത്.

എന്നാൽ 15ാം ഓവറിൽ ഇബ്രാഹിം സർദാനെ വീഴ്ത്തി ന്യൂസിലാൻഡ് കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ ബാറ്റ്സ്മാൻമാരിൽ 13 പന്തിൽ 22 റൺസെടുത്ത അസ്മത്തുള്ള മാത്രമാണ് അഫ്ഗാന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഒടുവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെന്ന ഭേദപ്പെട്ട സ്കോർ നേടാൻ അഫ്ഗാന് കഴിഞ്ഞു.

മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയായിരുന്നു ന്യൂസിലാൻഡിന്റെ തുടക്കം. സ്കോർബോർഡിൽ അക്കം തെളിയും മുമ്പേ ഫിൻ അലനെ ഫസൽ ഹഖ് ഫറൂഖി പവലിയനിലേക്ക് പറഞ്ഞയച്ചു. ഡെവണ്‍ കോൺവേ (8 റൺസ്), നായകന്‍ കെയ്ൻ വില്യംസണ്‍ (9), ഡാരില്‍ മിച്ചൽ (5), മാർക്ക് ചാംമാൻ (4), മിച്ചൽ ബ്രെയ്സ്വെൽ (0), മിച്ചൽ സാൻറ്റ്നർ (4) ലോക്കി ഫെർഗൂസൻ (2) എന്നിവരെല്ലാം അതിവേഗത്തിൽ മടങ്ങിയതോടെ അഫ്ഗാന് മുന്നിൽ കിവികൾ അടിയറവ് പറയുകയായിരുന്നു.

അഫ്ഗാൻ നിരയിൽ ഫർസലഖ് ഫറൂഖിയും റാഷിദ് ഖാനും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - New Zealand vs Afghanistan T20 WC match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.