ഐ.പി.എൽ സീസണിലെ തന്റെ സ്വപ്ന ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ടീമിൽ ഇം പിടിച്ചവരിൽ 10 പേരും ഇന്ത്യക്കാരാണ്. എന്നാൽ, ക്യാപ്റ്റനായി ഉറ്റ സുഹൃത്തും ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ മഹേന്ദ്ര സിങ് ധോണിയെ അദ്ദേഹം പരിഗണിച്ചില്ല. പകരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് അദ്ദേഹത്തിന്റെ സ്വപ്ന ടീമിനെ നയിക്കുന്നത്.
ഐ.പി.എല്ലിൽ കൂടുതൽ കാലം ചെന്നൈ സൂപ്പർ കിങ്സിനായി ജഴ്സിയണിയുകയും അവർക്കൊപ്പം നാല് തവണ കിരീടം നേടുകയും ചെയ്ത താരമാണ് റെയ്ന. ലഖ്നോ സൂപ്പർ ജയന്റ്സിന്റെ വെസ്റ്റിൻഡീസ് താരം നിക്കൊളാസ് പൂരാൻ ആണ് ടീമിലെ വിക്കറ്റ് കീപ്പർ-ബാറ്റർ. ആദ്യ ഇലവനിൽ ഇടം പിടിച്ച ഏക വിദേശ താരവും ഇദ്ദേഹമാണ്. ഓപണർമാരായി യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, റിങ്കു സിങ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ എന്നിവരാണ് സ്വപ്ന ടീമിൽ ഇടമുള്ള മറ്റു താരങ്ങൾ. പകരക്കാരായി കാമറൂൺ ഗ്രീൻ, ഋതുരാജ് ഗെയ്ക്‍വാദ്, ജിതേഷ് ശർമ, മതീഷ പതിരാന, യാഷ് താക്കൂർ എന്നിവരും ഇടംപിടിച്ചു.
ജിയോ സിനിമക്കായി ആകാശ് ചോപ്ര, പാർഥിവ് പട്ടേൽ, സഹീർ ഖാൻ എന്നിവർക്കൊപ്പമുള്ള സംഭാഷണത്തിലാണ് റെയ്ന തന്റെ സ്വപ്ന ഇലവനെ വെളിപ്പെടുത്തിയത്. പാർഥിവ് പട്ടേലും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണിയെ മാറ്റിനിർത്തിയപ്പോൾ സഹീർ ഖാന്റെ സ്വപ്ന ടീമിൽ ധോണിയാണ് ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.