കിങ്സ്ടൗൺ: ലോകക്രിക്കറ്റിലെ കുഞ്ഞൻമാരെന്ന വിശേഷണവുമായാണ് അഫ്ഗാനിസ്ഥാൻ ടീം ഇതുവരെ ഐ.സി.സി ടൂർണമെന്റുകളിൽ എത്തിയതെങ്കിൽ, ഇനി അങ്ങോട്ട് അതിന് മാറ്റം വരികയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ന്യൂസിലൻഡിനെയും വെസ്റ്റിൻഡീസിനെയും തകർത്ത അഫ്ഗാൻ, സൂപ്പർ എട്ടിൽ ലോക ചാമ്പ്യൻമാരായ ഓസീസിനെയും ഒപ്പം ബംഗ്ലാദേശിനെയും കടപുഴക്കിയാണ് ട്വന്‍റി20 ലോകകപ്പിൽ സെമി പ്രവേശം ഉറപ്പിച്ചത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മുൻനിര ടീമുകളെ തോൽവിയിലേക്ക് തള്ളിയിട്ട അഫ്ഗാനിസ്ഥാൻ, കിരീട ജേതാക്കളായ ഓസീസിനെ തോൽവിയുടെ വക്കത്ത് എത്തിച്ച് തങ്ങളുടെ വരവ് അറിയിച്ചിരുന്നു.
സൂപ്പർ എട്ടിൽ ഓസീസിനെ അട്ടിമറിച്ചതോടെയാണ് അഫ്ഗാന്‍റെ സെമിപ്രതീക്ഷകൾക്ക് ചിറക് മുളച്ചത്. ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും റാഷിദ് ഖാനും സംഘവും ആഗ്രഹിച്ചിരുന്നില്ല. ഇടക്ക് മഴവന്ന് കളി തടസപ്പെടുത്തിയതും ഓവറുകൾ വെട്ടിച്ചുരുക്കിയതും വെല്ലുവിളിയാകുമെന്ന പ്രതീതി ഉയർത്തി. മറുപടി ബാറ്റിങ് 19 ഓവറാക്കി ചുരുക്കിയതോടെ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 114 ആക്കി പുനർനിശ്ചയിച്ചു.
12.1 ഓവറിൽ വിജയലക്ഷ്യം ഭേദിച്ചാൽ മാത്രമേ ബംഗ്ലാദേശിന് സെമിയിൽ പ്രവേശിക്കാനാകുമായിരുന്നുള്ളൂ. അഫ്ഗാനെ പുറത്താക്കാനും ഓസീസിനെ സെമിയിൽ പ്രവേശിപ്പിക്കാനും വേണ്ടത് മത്സരത്തിലെ ജയവും. അപരാജിത അർധ സെഞ്ചറിയുമായി പോരാടിയ ലിട്ടൺ ദാസ് (54*) ഒരു ഘട്ടത്തിൽ ഓസീസ് ആരാധകർക്ക് പ്രതീക്ഷ നൽകിയെന്നും പറയാം. എന്നാൽ ക്യാപ്റ്റൻ റാഷിദ് ഖാന്‍റെയും നവീൻ ഉൽ ഹഖിന്‍റെയും തകർപ്പൻ ബോളിങ്ങിനു മുന്നിൽ ബംഗ്ലാ കടുവകൾ നിലംപരിശാവുന്ന കാഴ്ചക്കാണ് അർനോസ് വാലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് നേടിയത്. 43 റൺസ് നേടിയ ഓപ്പണർ റഹ്മാനുല്ല ഗുർബാസാണ് അവരുടെ ടോപ് സ്കോറർ. ബംഗ്ലാ നിരയിലെ എട്ട് ബാറ്റർമാർ രണ്ടക്കം കാണാതെ മടങ്ങി. നാലുപേർ സംപൂജ്യരായാണ് കൂടാരം കയറിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിട്ടും ബംഗ്ലാദേശിന്‍റെ ഇന്നിങ്സ് 105ൽ ഒതുക്കിയ അഫ്ഗാൻ ബൗളർമാർക്കാണ് ഈ ജയത്തിന്‍റെ മുഴുവൻ ക്രെഡിറ്റും. ടൂർണമെന്‍റിലെ അഫ്ഗാൻ മുന്നേറ്റത്തിലെല്ലാം മൂർച്ചയേറിയ ബോളിങ് പ്രകടനങ്ങൾ കാണാനാവും. സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അവരുടെ എതിരാളികൾ.
ആഭ്യന്തര പ്രശ്നങ്ങളാൽ കലുഷിതമായ അഫ്ഗാനിസ്ഥാൻ 2001ലാണ് ഐ.സി.സിയുടെ അഫിലിയേറ്റ് അംഗമാകുന്നത്. 2013ൽ അസോസിയേറ്റ് അംഗവും 2017ൽ മുഴുവൻസമയ അംഗവുമായി. 2009ൽ സ്കോട്ട്ലൻഡിനെതിരെയാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. ട്വന്‍റി20യിൽ 2010ൽ അയർലൻഡിനെതിരെയും ടെസ്റ്റിൽ 2018ൽ ഇന്ത്യക്കെതിരെയും ആദ്യ മത്സരങ്ങൾ കളിച്ചു. ചുരുങ്ങിയ കാലം കൊണ്ടാണ് അഫ്ഗാൻ ടീം ലോകക്രിക്കറ്റിൽ തങ്ങളുടെ ഇടം നേടിയെടുത്തത്. 2010 മുതൽ ടി20 ലോകകപ്പുകളിൽ സാന്നിധ്യമറിയിക്കുന്ന അഫ്ഗാനിസ്ഥാൻ ഇത്തവണ റാഷിദ് ഖാന്‍റെ നേതൃത്വത്തിൽ സെമിഫൈനലിൽ എത്തിയെന്നത് ചെറിയ കാര്യമല്ല. വരുംദിവസങ്ങളിലും അവരുടെ വീറേറിയ പോരാട്ടത്തിനായി കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.