ക്ലാസ് മാസ് കോഹ്ലി! 59 പന്തിൽ 76 റൺസ്; ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം

ബാർബഡോസ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം. സൂപ്പർതാരം വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.

ടൂർണമെന്‍റിലുടനീളം താളം കണ്ടെത്താനാകാതെ വലഞ്ഞ കോഹ്ലി ഫൈനലിൽ മുന്നിൽനിന്ന് പടനയിച്ച് ഇന്ത്യയുടെ രക്ഷകനായി. താരത്തിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 59 പന്തിൽ 76 റൺസെടുത്താണ് താരം പുറത്തായത്. രണ്ടു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. അക്സർ പട്ടേൽ 31 പന്തിൽ 47 റൺസെടുത്തു.

തുടക്കത്തിലെ മൂന്നു വിക്കറ്റുകൾ നഷ്ടമായി ഇന്ത്യ പതറുമ്പോഴാണ് കോഹ്ലിയും അക്സറും ക്രീസിൽ ഒന്നിക്കുന്നത്. ഇരുവരും നാലാം വിക്കറ്റിൽ നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. അഞ്ചു പന്തിൽ ഒമ്പതു റൺസെടുത്താണ് രോഹിത്ത് പുറത്തായത്. പന്ത് റണ്ണൊന്നും എടുക്കാതെയും സൂര്യകുമാർ മൂന്നു റൺസുമായും മടങ്ങി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോഹ്ലി തുടങ്ങിയത്. ആ ഓവറിൽ 15 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. എന്നാൽ, രണ്ടാം ഓവറിൽ സ്പിന്നർ മഹാരാജിനെ കൊണ്ടുവന്ന പ്രോട്ടീസ് നായകൻ മാർക്രത്തിന്‍റെ തീരുമാനം തെറ്റിയില്ല.

ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയെങ്കിലും നാലാം പന്തിൽ രോഹിത്തിന് അടിതെറ്റി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ കൈയിലൊതുക്കി. വന്നപോലെ പന്തും മടങ്ങി. ആറാം പന്ത് ഋഷഭിന്‍റെ ബാറ്റിൽ‌ തട്ടി ഉയർന്നപ്പോൾ വിക്കറ്റ് കീപ്പർ ക്വിന്‍റൻ ഡികോക്ക് പിടിച്ചെടുത്തു. സൂര്യകുമാറിനും നിലയുറപ്പിക്കാനായില്ല. കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു.

അഞ്ചാമനായി അക്സർ പട്ടേലാണ് ക്രീസിലെത്തിയത്. രോഹിത്തിന്‍റെ തീരുമാനം തെറ്റിയില്ല. കോഹ്ലിക്കൊപ്പം ചേർന്ന അക്സർ ടീമിന്‍റെ സ്കോർ ഉയർത്തി. തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റിയ ഇരുവരും 13.1 ഓവറിൽ ടീം സ്കോർ നൂറിലെത്തിച്ചു. പ്രോട്ടീസ് ബൗളർമാരെ അനായാസം നേരിട്ട് ക്രീസിൽ നിലയുറപ്പിച്ചുവരുന്നതിനിടെയാണ് അക്സർ റൺ ഔട്ടാകുന്നത്. ക്വിന്‍റൻ ഡീകോക്ക് എറിഞ്ഞ ത്രോയിലാണ് താരം റൺ ഔട്ടായത്. പിന്നാലെ ശിവം ദുബെ ക്രീസിലെത്തി. ഇരുവരും സ്കോറിങ് വേഗത്തിലാക്കി.

അർധ സെഞ്ച്വറിക്കു പിന്നാലെ കോഹ്ലി വമ്പനടകളുമായി കളംനിറഞ്ഞു. ഒടുവിൽ ജാൻസനിന്‍റെ പന്തിൽ റബാദക്ക് ക്യാച്ച് നൽകി കോഹ്ലി മടങ്ങി. നോർക്യ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ ദുബെയും ആറാം പന്തിൽ രവീന്ദ്ര ജദേജയും പുറത്തായി. ഇന്ത്യ ഏഴിന് 176 റൺസ്.

ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ്, ആൻറിച് നോർക്യ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മാർകോ ജാൻസനും കഗിസോ റബാദ ഒരു വിക്കറ്റ് വീതവും നേടി. സെമി ഫൈനൽ കളിച്ച അതേ ടീമുമായാണ് ഇരുവരും കളത്തിലിറങ്ങുന്നത്. രണ്ടാം ട്വന്‍റി20 ലോകകപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, പ്രോട്ടീസ് കന്നി കിരീടവും. ഐ.സി.സി ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുന്നത് ആദ്യമായാണ്. 2014 ട്വന്‍റി20 ലോകകപ്പ് സെമിഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ദക്ഷിണാഫ്രിക്ക ഐ.സി.സി ലോകകപ്പ് ഫൈനൽ കളിക്കുന്നത് ആദ്യമാണ്.

ഇന്ത്യയുടെ ഏഴാം ലോകകപ്പ് ഫൈനലും. നാല് ഏകദിന ലോകകപ്പ് ഫൈനലും മൂന്ന് ട്വന്‍റി20 ലോകകപ്പ് ഫൈനലും.

Tags:    
News Summary - T20 World Cup 2024: India Two wickets lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.