ബ്രിഡ്ജ്ടൗൺ: കുട്ടിക്രിക്കറ്റിലെ കന്നിജേതാക്കളായ ഇന്ത്യക്ക് വർഷങ്ങളുടെ കിരീട വരൾച്ചക്കുശേഷം സമ്മോഹന നേട്ടത്തിലെത്താൻ ഇത് സുവർണാവസരം. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ കിരീട പോരാട്ടം. കഴിഞ്ഞ ദിവസം മഴകാരണം വൈകിയ സെമിഫൈനലിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഇന്ത്യയുടെ വരവ്.
കറുത്ത കുതിരകളായ അഫ്ഗാനിസ്താനെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയമായിരുന്നു ദക്ഷിണാഫ്രിക്കക്ക്. 2007ലെ ആദ്യ കിരീടത്തിനുശേഷം ഇന്ത്യക്ക് ഈ ലോകകപ്പ് അന്യമാണ്. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയിട്ടും ആസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി. ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും യുവതാരങ്ങൾക്കായി ട്വന്റി20യിൽ നിന്ന് ഇനി മാറിനിൽക്കാനാണ് സാധ്യത. അതിനാൽ, ഇന്ന് കിരീടം നേടിയാൽ ഈ മുതിർന്ന താരങ്ങൾക്കുള്ള ആദരവ് കൂടിയാകും.
രോഹിത് മികച്ച ഫോമിലാണെങ്കിലും കോഹ്ലിയുടെ കാര്യം കട്ടപ്പൊകയാണ്. ഏഴ് കളികളിൽനിന്ന് 75 റൺസാണ് കോഹ്ലി ടൂർണമെന്റിൽ സ്കോർ ചെയ്തത്. 10.71 മാത്രമാണ് റൺസ് ശരാശരി. ഐ.പി.എല്ലിലെ തകർപ്പൻ ഫോമിന് പിന്നാലെ ഏറെ പ്രതീക്ഷയായിരുന്നു കോഹ്ലിയിൽ ടീമിനുണ്ടായിരുന്നത്. ബൗളർമാരിൽ ആധിപത്യം പുലർത്താനും കോഹ്ലിക്ക് കഴിയുന്നില്ല. വിരാടിന്റെ കഴിവുകൾ ഫൈനലിലേക്ക് സംഭരിച്ചുവെച്ചതാണെന്നാണ് രോഹിത് പറയുന്നത്. കോഹ്ലിയെ മധ്യനിരയിലേക്ക് മാറ്റി യശ്വസി ജയ്സ്വാളിനെ ഓപണറാക്കണമെന്ന ആവശ്യം ചിലർ ഉന്നയിച്ചിരുന്നു. കോഹ്ലിയെ ബാറ്റിങ് ഓർഡിൽ താഴേക്ക് മാറ്റി ശിവം ദുബെയെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിരുന്നു.
ഏറ്റവും മോശം ഫോമിലുള്ള ശിവം ദുബെക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻ വിമർശനമാണുയരുന്നത്. എന്നാൽ, നിർണായക മത്സരത്തിൽ ശിവം ഫോമിലാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. വിജയം തുടരുന്ന സംഘത്തിൽനിന്ന് മാറ്റമുണ്ടാകാൻ സാധ്യത കുറവാണ്. മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ല. ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഫോമിലാണ്. ബൗളർമാരുടെ കാര്യത്തിൽ ആശങ്ക തീരേയില്ല. അർഷദീപ് സിങ്ങും ജസ്പ്രീത് ബുംറയും ഹാർദികും കുൽദീപ് യാദവും രവീന്ദ്ര ജദേജയും അക്സർ പട്ടേലും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ലോകകപ്പുകളടക്കം ഐ.സി.സിയുടെ ട്രോഫികൾ ഏറെയൊന്നും ദക്ഷിണാഫ്രിക്കയുടെ ഷോക്കേയ്സിലില്ല. 1998ൽ ഐ.സി.സി നോക്കൗട്ട് ട്രോഫി (ഇപ്പോഴത്തെ ചാമ്പ്യൻസ് ട്രോഫി) മാത്രമാണ് ദക്ഷിണാഫ്രിക്കക്കാർക്ക് ഓർമിക്കാനുള്ള നേട്ടം. പ്രതിഭയുള്ള താരങ്ങൾ എക്കാലവും നിറഞ്ഞുനിന്ന ഈ ടീമിന് ടൂർണമെന്റുകളിൽ നിർഭാഗ്യത്തിന്റെ ചരിത്രം മാത്രമാണ് പറയാനുള്ളത്.
ഇന്ത്യക്ക് പ്രതീക്ഷയേകുന്നതും ഈ ചരിത്രമാണ്. സെമി കഴിഞ്ഞ് ഒരുദിവസത്തെ മാത്രം ഇടവേളയാണ് ഇന്ത്യൻ ടീമിന് ലഭിച്ചത്. ദക്ഷിണാഫ്രിക്കക്ക് രണ്ട് ദിവസത്തെ വിശ്രമം ലഭിച്ചിരുന്നു.
ഫൈനലിലെത്തിയെങ്കിലും പ്രമുഖ ബാറ്റർമാർ പലരും ഫോമിലല്ല. ഓപണർമാരായ ക്വിന്റൺ ഡികോക്കും റീസ ഹെൻഡ്രിക്സും തുടക്കം ഗംഭീരമാക്കിയാൽ ടീമിന് ഏറെ മുന്നേറാനാകും. ക്യാപ്റ്റൻ എയ്ഡൻ മാർക്രൃം സൂപ്പർ എട്ടിൽ വമ്പൻ സ്കോറൊന്നും നേടിയിട്ടില്ല. ഹെന്റിച്ച് ക്ലാസനാണ് മറ്റൊരു വെടിക്കെട്ട് വീരൻ. മഴ പെയ്യാൻ സാധ്യത ഏറെയായതിനാൽ ഇന്ന് കളി മുടങ്ങിയാൽ നാളെ റിസർവ് ഡേയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.