ഗയാന: വെല്ലുവിളി നിറഞ്ഞ പിച്ചിലും ഇംഗ്ലണ്ടിനെ തകർത്ത് ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ചെറിയ സ്കോറിൽ ഒതുക്കാമെന്ന കണക്കുകൂട്ടൽ അസ്ഥാനത്തായെന്നാണ് മത്സരശേഷം ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലർ പ്രതികരിച്ചത്. 68 റൺസിനാണ് രോഹിത്തും സംഘവും ഇംഗ്ലണ്ടിനെ കീഴടക്കിയത്. 2022ലെ ലോകകപ്പ് സെമിയിലേറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായി ഈ വിജയം.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുമ്പോൾ, ഈർപ്പമുള്ള പിച്ചിൽ വലിയ സ്കോർ നേടാൻ ഇന്ത്യ പാടുപെടുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇംഗ്ലണ്ട് നായകൻ. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ 20 - 25 റൺസ് ഇന്ത്യ അധികമായി നേടി. 2022ലേതു പോലെയല്ല നിലവിലെ ഇന്ത്യൻ ടീം. മറുപടി ബാറ്റിങ്ങിൽ പിച്ച് സ്ലോ ആവുകയും ഇന്ത്യൻ ബോളർമാർക്ക് അതിന്‍റെ ആനുകൂല്യം ലഭിക്കുകയും ചെയ്തു. ടോസിനപ്പുറം നിർണായകമായത് ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനമാണെന്നും ബട്ട്ലർ പറഞ്ഞു.
“ടോസ് നേടിയപ്പോൾ 150ൽ താഴെയുള്ള സ്കോറിൽ ഇന്ത്യയെ ഒതുക്കുകയായിരുന്നു പദ്ധതി. ഒരുഘട്ടത്തിൽ അത് സാധ്യമാണെന്നും തോന്നി. എന്നാൽ അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ എന്നിവർ സ്കോറിങ് വേഗം കൂട്ടിയത് തിരിച്ചടിയായി, കണക്കുകൂട്ടിയതിനെക്കാൾ 20-25 റൺസ് അധികം വിട്ടുനൽകി. സ്പിന്നിന് അനുകൂലമായ പിച്ചിൽ മോയിൻ അലിയെക്കൊണ്ട് പന്ത് എറിയിക്കാതിരുന്നതും അബദ്ധമായി. വേഗം കുറഞ്ഞ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാർ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു” -ബട്ട്ലർ പറഞ്ഞു.
അർധ സെഞ്ചറി നേടിയ നായകൻ രോഹിത് ശർമ (57), സൂര്യകുമാർ യാദവ് (47), ഹാർദിക് പാണ്ഡ്യ (23), രവീന്ദ്ര ജദേജ (17*) എന്നിവരുടെ ഇന്നിങ്സിന്‍റെ കരുത്തിൽ 171 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിൽ 16.4 ഓവറിൽ 103 റൺസ് നേടുന്നതിടെ ഇംഗ്ലണ്ട് പുറത്തായി. നാല് ഓവറിൽ 23 റൺസ് വഴങ്ങി, നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 10 റൺസ് നേടുകയും ചെയ്ത അക്ഷർ പട്ടേലാണ് കളിയിലെ താരം. കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.