വിരാട് കോഹ്‌ലി

‘കോഹ്‌ലിയുടെ ഫോമല്ല, ടീമിന്‍റെ ഫോമാണ് പ്രധാനം; ഇന്ത്യ കിരീട ജേതാക്കളാകും’

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിന്‍റെ ഫൈനൽ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ടീം ഇന്ത്യയും ക്രിക്കറ്റ് ആരാധകരും. ശനിയാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഇരു ടീമുകളും പരാജയമറിയാതെയാണ് ഫൈനലിൽ പ്രവേശിച്ചത്. അതിനാൽത്തന്നെ മത്സരം കടുക്കുമെന്ന് ഉറപ്പ്. അതിനിടെ ഓപ്പണർ വിരാട് കോഹ്‌ലിയുടെ ഫോമിച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കമന്‍റേറ്ററും ഇന്ത്യയുടെ മുൻ താരവുമായ സഞ്ജയ് മഞ്ജ്‍രേക്കർ.

ഒരാളുടെ മാത്രം പ്രകടനമല്ല ജയ-പരാജയങ്ങൾ നിർണയിക്കുന്നതെന്നും ടീമിന്‍റെ ഒന്നാകെയുള്ള പരിശ്രമമാണ് പ്രധാനമെന്നും മഞ്ജ്‍രേക്കർ പറയുന്നു. കോഹ്‌ലിയുടെ ഫോമിനേക്കുറിച്ച് ആശങ്കയില്ല, കാരണം ടീമിന്‍റെ ഫോമാണ് വളരെ പ്രധാനം. വളരെ മികച്ച ടീം ഗെയിമാണ് ഓരോ മത്സരത്തിലും ഇന്ത്യ കാഴ്ചവെക്കുന്നത്. തീർച്ചയായും ഇത്തവണ ഇന്ത്യ കിരീട ജേതാക്കളാകും. എന്നാൽ ദക്ഷിണാഫ്രിക്കയും മോശമല്ല, അവരുടെ ഓപ്പണർ ക്വിന്‍റൻ ഡികോക്കിനും പേസർമാരായ ആന്റിച് നോർജെ, കഗിസോ റബാദ എന്നിവർക്ക് ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞേക്കുമെന്നും മഞ്ജ്‍രേക്കർ പറഞ്ഞു.

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സിനു വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത കോഹ്‌ലി, ടൂർണമെന്‍റിൽ ടോപ് സ്കോററായി ഓറഞ്ച് ക്യാപ് നേടിയിരുന്നു. ചാമ്പ്യൻഷിപ്പിൽ 741 റൺസാണ് താരം അടിച്ചെടുത്തത്. എന്നാൽ ലോകകപ്പിൽ ഈ പ്രകടനത്തിന്‍റെ ഏഴയലത്തു പോലും എത്താൻ കഴിയാഞ്ഞതോടെയാണ് വൻ വിമർശനമുയർന്നത്. ഐ.പി.എല്ലിലെ കോഹ്‌ലിയുടെ നിഴൽ മാത്രമാണ് യു.എസിലും വെസ്റ്റിൻഡീസിലും കണ്ടത്. ഏഴ് മത്സരങ്ങളിൽ രോഹിത് ശർമക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തിട്ടും മികവ് തെളിയിക്കുന്ന ഒരു പ്രകടനം പോലും താരത്തിൽനിന്ന് ഉണ്ടായിട്ടില്ല. 10.71 ശരാശരിയിൽ 75 റൺസാണ് സമ്പാദ്യം.

എന്നാൽ കോഹ്‌ലിയിൽ പൂർണ വിശ്വാസമുണ്ടെന്നും ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമാണ് ക്യാപ്റ്റൻ രോഹിത് പ്രതികരിച്ചത്. ഫൈനലിൽ കോഹ്‌ലിയെ കളിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, പ്ലേയിങ് ഇലവനിൽ മറ്റെന്തെങ്കിലും മാറ്റം കൊണ്ടുവരുമോ എന്നത് കാത്തിരുന്നു കാണണം. മധ്യനിരയിൽ ശിവം ദുബെയെ മാറ്റി മലയാളി താരം സഞ്ജു സാംസണെയോ യശസ്വി ജയ്സ്വാളിനെയോ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇവർക്കു പുറമെ സൈഡ് ബെഞ്ചിലിരിക്കുന്ന റിങ്കു സിങ്ങിനെയും പരീക്ഷിക്കാൻ തയാറാവാത്ത മാനേജ്മെന്‍റിനെതിരെ വിമർശനമുയരുന്നുണ്ട്.

Tags:    
News Summary - "Not really concerned about Kohli's form because team's form far more important": Sanjay Manjrekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.