രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പ് അടുത്തെത്തി നിൽക്കെ, കിരീട ഫേവറൈറ്റുകളായ ഇന്ത്യയുടെ അവസാന തയാറെടുപ്പാണ് ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര. നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ഏതാനും സീനിയർ താരങ്ങൾക്ക് രണ്ടു മത്സരങ്ങളിൽ വിശ്രമം അനുവദിച്ചു.
മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ഫുൾ സ്ക്വാഡ് മടങ്ങിയെത്തും. പേസർമാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്‍റെയും ഏഷ്യാ കപ്പിലെ ബൗളിങ് പ്രകടനം ഓസീസ് താരങ്ങളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. സിറാജ് ഫൈനലിൽ നടത്തിയ ആറു വിക്കറ്റ് പ്രകടനം അമ്പരപ്പിക്കുന്നതാണ്. ഏഴു ഓവറിൽ 21 റൺസ് വഴങ്ങിയാണ് താരം ആറു ലങ്കൻ ബാറ്റർമാരെ മടക്കിയത്.
എന്നാൽ, മുൻ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് പരമ്പരയിൽ അപകടകാരിയാകുന്ന ബൗളറായി ബുംറയുടെയും സിറാജിന്‍റെയും പേരല്ല പറയുന്നത്. ഇടവേളക്കുശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ആർ. അശ്വിൻ ഓസീസിന് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് മുൻ ഇന്ത്യൻ പേസർ കൂടിയായ പ്രസാദ് മുന്നറിയിപ്പ് നൽകുന്നു. ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് അശ്വിൻ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്.
അശ്വിന്‍റെ ഏകദിന ടീമിലേക്കുള്ള മടങ്ങിവരവ് ഇന്ത്യക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും നാട്ടിലെ സാഹചര്യം കൂടുതൽ ഗുണം ചെയ്യുമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. ‘അതൊരു നല്ല വാർത്തയാണ്, ഇക്കാര്യം നേരത്തെയും ഞാൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിന് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന താരമാണ് അശ്വിൻ, പ്രത്യേകിച്ച് നാട്ടിലെ സാഹചര്യങ്ങളിൽ’ -പ്രസാദ് പറഞ്ഞു.
മിക്ക ടീമുകളിലും അവരുടെ ലൈനപ്പിൽ 3-4 ഇടംകൈയന്മാർ ഉള്ളതിനാൽ അശ്വിൻ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെറ്ററൻ ഓഫ് സ്പിന്നർ ഈ ബാറ്റർമാർക്ക് വെല്ലുവിളിയാകും. ഇന്ത്യൻ പിച്ചുകളിൽ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലുമായി അശ്വിന് 500നടുത്ത് വിക്കറ്റുകളുണ്ടെന്നും പ്രസാദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.