പട്ന: മുംബൈ-ബിഹാർ രഞ്ജി ട്രോഫി മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. പട്നയിലെ മുഈനുൽ ഹഖ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിൽ ഒരേസമയം ബിഹാറിന്‍റെ രണ്ടു ടീമുകളാണ് ഗ്രൗണ്ടിലെത്തിയത്. ബിഹാർ ക്രിക്കറ്റ് അസോസിയേഷനിലെ (ബി.സി.എ) ഗ്രൂപ്പ് പോരാണ് ഗ്രൗണ്ടിലെത്തിയത്.
ബി.സി.എ പ്രസിഡന്‍റ് രാകേഷ് തിവാരി തെരഞ്ഞെടുത്ത ടീമിനു പുറമെ, സസ്പെൻഷനിലുള്ള സെക്രട്ടറി അമിത് കുമാർ തെരഞ്ഞെടുത്ത മറ്റൊരു ടീമുമാണ് കളിക്കാനായി ഒരേസമയം ഗ്രൗണ്ടിലിറങ്ങിയത്. വാക്കുതർക്കമായതോടെ മത്സരം ആരംഭിക്കാനും വൈകി. ഒടുവിൽ പൊലീസിനും ഇടപെടേണ്ടിവന്നു. തർക്കത്തിനൊടുവിൽ രാകേഷ് തിവാരി തെരഞ്ഞെടുത്ത ടീമിനെയാണ് അധികൃതർ കളിക്കാൻ അനുവദിച്ചത്.
പതിനൊന്നു മണിയോടെയാണ് മത്സരം ആരംഭിക്കുന്നത്. ഞങ്ങൾ മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും ഇതാണ് ശരിയായ ടീമെന്നും പ്രസിഡന്‍റ് രാകേഷ് പറഞ്ഞു. ‘ബിഹാറിൽനിന്ന് വരുന്ന പ്രതിഭകളെ നിങ്ങൾ കാണുന്നില്ലെ. ഐ.പി.എല്ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു കളിക്കാരൻ (സാകിബ് ഹുസൈൻ) നമുക്കുണ്ട്. 12 വയസ്സുള്ള താരം അരങ്ങേറ്റം കുറിക്കുന്നു. സസ്‌പെൻഷനിലായ സെക്രട്ടറിയാണ് രണ്ടാമത്തെ ടീമിനെ തെരഞ്ഞെടുത്തത്, അത് യഥാർഥ ടീം അല്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിലൂടെയാണ് ജയിച്ചുവന്നതെന്നും താനാണ് ബി.സി.എയുടെ ഔദ്യോഗിക സെക്രട്ടറിയെന്നും അമിത് കുമാർ പ്രതികരിച്ചു. ‘നിങ്ങൾക്ക് ഒരു സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാനാകില്ല. ഒരു പ്രസിഡന്റിന് എങ്ങനെ ഒരു ടീമിനെ തെരഞ്ഞെടുക്കാനാകും? ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി ടീമിനെ പ്രഖ്യാപിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? സെക്രട്ടറി ജയ് ഷായുടെ ഒപ്പാണ് നിങ്ങൾക്ക് കാണാനാകുക’ -അമിത് കൂട്ടിച്ചേർത്തു.
സസ്പെൻഷനിലുള്ള സെക്രട്ടറിയാണ് പ്രശ്നങ്ങൾക്ക് കാരണക്കാരനെന്ന് ബി.സി.ഐ പിന്നീട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.