കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്യാൻ നാട്ടിലെ രാഷ്ട്രീയ നേതാക്കൾ എത്തുന്നത് പതിവാണ്. എന്നാൽ, രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവർക്ക് ഗ്രൗണ്ടിലെ കളികൾ അത്ര വഴങ്ങണമെന്നില്ല. അതിന് ശ്രമിച്ചാൽ ചിലപ്പോൾ അടിതെറ്റിയെന്നുമിരിക്കും. അത്തരമൊരു ഉദ്ഘാടനവും എം.എൽ.എയുടെ ‘പ്രകടന’വുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ഒഡിഷയിലെ കാലഹന്ദി എന്ന സ്ഥലത്ത് സംഘടിപ്പിച്ച കായിക പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു നർല മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ ഭുപേന്ദ്ര സിങ്. അപ്പോഴാണ് നാട്ടുകാർക്ക് മുമ്പിൽ തന്റെ ക്രിക്കറ്റ് സ്കിൽ കാണിക്കണമെന്ന തോന്നലുണ്ടായത്. മറ്റു അതിഥികളും മത്സരത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളുമെല്ലാം കൂടിനിൽക്കെ എം.എൽ.എ ബാറ്റെടുത്ത് ക്രീസിലിറങ്ങി. കൂടിനിന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. എം.എൽ.എ ബാറ്റ് പിടിച്ച കൈയും മറുകൈയും ഒന്നുയർത്തിയ ശേഷം ഷർട്ടിന്റെ കൈ കയറ്റിവെച്ച് ബാറ്റ് ക്രീസിൽകുത്തി ഒരുങ്ങിനിന്നു. ബൗളർ പന്ത് എം.എൽ.എക്ക് നേരെയെറിഞ്ഞു. പന്ത് വന്നതും എം.എൽ.എ ആഞ്ഞുവീശി. സിക്സറായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വീശലിൽ വ്യക്തമായിരുന്നു.
എന്നാൽ, പന്തിന് പകരം നിലതെറ്റി തെറിച്ചുവീണത് എം.എൽ.എയായിരുന്നു. ഗ്രൗണ്ടിൽ മുഖമടച്ച് വീഴുമ്പോൾ ഏകദേശം പിച്ചിന്റെ മധ്യഭാഗത്തെത്തിയിരുന്നു. ഇതോടെ നാട്ടുകാർ താങ്ങിയെടുത്ത് വാഹനത്തിൽ ആശുപത്രിയിലേക്ക് തിരിച്ചു. എം.എൽ.എയുടെ ‘കൈവിട്ട കളി’യുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.