ന്യൂഡൽഹി: ഇന്ത്യൻ ബാറ്റർമാരുടെയും സ്പിന്നർമാരുടെയും പ്രഹരം മുമ്പും അനുഭവിച്ചിട്ടുണ്ട് ആസ്ട്രേലിയ. പ്രത്യേകിച്ച് കഴിഞ്ഞ കുറെ വർഷങ്ങളായി സചിൻ ടെണ്ടുൽകറും രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണുമെല്ലാം ബാറ്റുകൊണ്ടും അനിൽ കുംബ്ലെയുമൊക്കെ പന്തുകൊണ്ടും ഓസീസിനെ നന്നായി കൈകാര്യംചെയ്തവരാണ്.
2001 മാർച്ചിൽ ഈഡൻ ഗാർഡനിൽ നടന്ന ടെസ്റ്റ് മാത്രം മതി സാമ്പിളായിട്ട്. അന്ന് രണ്ടാം ഇന്നിങ്സിൽ ലക്ഷ്മണും ദ്രാവിഡും ചേർന്ന് പടുത്തുയർത്തിയ 376 റൺസ് കൂട്ടുകെട്ടിനൊപ്പം 13 വിക്കറ്റ് വീഴ്ത്തിയ ഹർഭജന്റെ മാസ്മരിക ബൗളിങ്ങിനും ലോകം സാക്ഷിയായി.
അവരുടെ കാലം കഴിഞ്ഞപ്പോൾ കങ്കാരു നാട്ടുകാർ പേടിക്കുന്നത് രണ്ടുപേരെയാണ്. പന്തെടുത്താൽ ഓസീസ് ബാറ്റർമാരെ എറിഞ്ഞിടുക മാത്രമല്ല, ബാറ്റുമായി റൺസടിച്ചുകൂട്ടാനും മിടുക്കരായ രവീന്ദ്ര ജദേജയും രവിചന്ദ്രൻ അശ്വിൻ. അക്ഷരംതെറ്റാതെ ഇവരെ വിളിക്കാം ഓൾറൗണ്ടർമാരെന്ന്.
പരിക്കു കാരണം മാസങ്ങളോളം വിട്ടുനിന്നശേഷമായിരുന്നു ജദേജയുടെ തിരിച്ചുവരവ്. നാഗ്പുർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റും 70 റൺസും. രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റുകൂടി നേടി കളിയിലെ കേമനായി. രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റ് നേടിയ അശ്വിൻ തരക്കേടില്ലാതെ ബാറ്റും ചെയ്തു.
ഇനി ഡൽഹിയിലേക്കു പോകാം. ഒന്നാം ഇന്നിങ്സിൽ രണ്ടുപേരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ്ങിൽ ഇന്ത്യ തകരുമ്പോൾ ജദേജ 26ഉം അശ്വിൻ 37ഉം റൺസെടുത്തു പിടിച്ചുനിന്നു. രണ്ടാം ഇന്നിങ്സിൽ ജദേജ ഏഴുപേരെയും അശ്വിൻ മൂന്നുപേരെയും പുറത്താക്കി. ജദേജതന്നെ വീണ്ടും പ്ലയർ ഓഫ് ദ മാച്ച്.
ഇന്ത്യയുടെ ടോപ് ഓർഡർ പരാജയപ്പെടവെ വാലറ്റത്ത് ഇറങ്ങി അർധശതകങ്ങളുമായി രണ്ടു ടെസ്റ്റിലും തിളങ്ങി മറ്റൊരു സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. രണ്ടു ടെസ്റ്റിലുമായി ജദേജ വീഴ്ത്തിയത് 17ഉം അശ്വിൻ കൈക്കലാക്കിയത് 14ഉം വിക്കറ്റുകൾ. 40ൽ 31ഉം നേടിയത് ഇരുവരുമാണ്. ജദേജക്കോ അശ്വിനോ വിക്കറ്റ് കൊടുക്കാത്ത ഒരു ബാറ്റർപോലും ആസ്ട്രേലിയൻ നിരയിൽ ഇല്ലെന്നു ചുരുക്കം
45 ടെസ്റ്റുകളാണ് ജദേജയും അശ്വിനും ഒരുമിച്ച് കളിച്ചത്. 86 ഇന്നിങ്സിലായി 22.25 ശരാശരിയിൽ അശ്വിൻ 248 വിക്കറ്റ് വീഴ്ത്തി. ജദേജക്കു കിട്ടിയത് 20.33 ശരാശരിയിൽ 214 ഇരകളെ. രണ്ടുപേരും ഒരുമിച്ചിറങ്ങി 21 ശരാശരിയിൽ ഇന്ത്യക്ക് നേടിക്കൊടുത്തത് 462 വിക്കറ്റ്. ഫുൾ ലെങ്ത് പന്തുകളുമായി കളംനിറയുന്ന അശ്വിനും ജദേജയും ചരിത്രത്തിലെത്തന്നെ മികച്ച രണ്ടാമത്തെ സ്പിൻ ബൗളിങ് കൂട്ടുകെട്ടാണ്.
54 ടെസ്റ്റിൽ 501 പേരെ പുറത്താക്കിയ ഇന്ത്യയുടെതന്നെ കുംബ്ലെയും ഹർഭജനുമാണ് മുന്നിൽ. പേസറായ സഹീർ ഖാനൊപ്പം ചേർന്ന് ഹർഭജൻ 59 ടെസ്റ്റിൽ 474, ഉമേഷ് യാദവ്-അശ്വിൻ സഖ്യം 50 ടെസ്റ്റിൽ 417, കുംബ്ലെ-ജവഗൽ ശ്രീനാഥ് ജോടി 52 ടെസ്റ്റിൽ 412 എന്നിങ്ങനെ വിക്കറ്റ് വീഴ്ത്തി.
പുതിയ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ജദേജയും അശ്വിനും വലിയ നേട്ടമുണ്ടാക്കി. ഓൾറൗണ്ടർമാരിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇവർതന്നെ. അക്സർ അഞ്ചാമനായും കുതിച്ചു. ബൗളർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്തേക്കു കയറി. മൂന്നര വർഷത്തിനു ശേഷം ബൗളിങ് റാങ്കിങ്ങിൽ ആദ്യ പത്തിലേക്കു കടന്ന ജദേജ ഒമ്പതാമനായി.
ഇന്ത്യയുടെതന്നെ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സനാണ് മുന്നിൽ. ഓസീസിന്റെ മാർനസ് ലബൂഷെയ്ൻ നയിക്കുന്ന ബാറ്റർമാരുടെ പട്ടികയിൽ ഋഷഭ് പന്തും രോഹിത് ശർമയും ആറ്, ഏഴ് സ്ഥാനങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.