ചെന്നൈ: ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് ഒരു വിക്കറ്റ് നഷ്ടമായി. 17 പന്തിൽ ഒമ്പത് റൺസെടുത്ത ഓപണർ അബ്ദുല്ല ഷഫീഖാണ് പുറത്തായത്. ജാൻസന്റെ പന്തിൽ ലുംഗി എൻഗിഡി പിടികൂടുകയായിരുന്നു. അഞ്ചോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലാണ് പാകിസ്താൻ. ഏഴ് റൺസുമായി ഇമാമുൽ ഹഖും ആറ് റൺസുമായി ബാബർ അസമുമാണ് ക്രീസിൽ.
ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. അസുഖം കാരണം പുറത്തായിരുന്ന ടെംബ ബാവുമ തിരിച്ചെത്തിയപ്പോൾ തബ്രൈസ് ഷംസിയും ലുങ്കി എംഗിഡിയും ടീമിൽ ഇടം നേടി. കഗിസൊ റബാദ, റീസ് ഹെൻഡ്രിക്സ്, ലിസാർഡ് വില്യംസ് എന്നിവരാണ് പുറത്തായത്. പാകിസ്താൻ രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. അസുഖബാധിതനായ ഹസൻ അലിക്ക് പകരം മുഹമ്മദ് വസീം ജൂനിയറും ഉസാമ മിറിന് പകരം മുഹമ്മദ് നവാസും ടീമിലെത്തി.
ചെപ്പോക്കിൽ ഇന്ന് തോറ്റാൽ പാകിസ്താന്റെ സെമിഫൈനൽ സ്വപ്നം അടയും. കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണമാണ് പാകിസ്താന് ജയിക്കാനായത്. എന്നാൽ, അഞ്ചിൽ നാല് ജയവുമായി രണ്ടാമതാണ് ദക്ഷിണാഫ്രിക്ക. ഇന്ന് ജയിച്ചാൽ സെമിപ്രവേശനം ഏറക്കുറെ ഉറപ്പാകും.
െപ്ലയിങ് ഇലവൻ: പാകിസ്താൻ -അബ്ദുല്ല ഷഫീഖ്, ഇമാമുൽ ഹഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്‍വാൻ, സൗദ് ഷകീൽ, ഇഫ്തിഖാർ അഹ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് വസിം, ഹാരിസ് റഊഫ്.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റസി വാൻ ഡെർ ഡൂസൻ, എയ്ഡൻ മർക്രാം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാൻസൻ, ജെറാൾഡ് കോയറ്റ്സീ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ലുംഗി എൻഗിഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.