'ഇന്ത്യയുടെ സെമി പ്രവേശനം എന്തുവിലകൊടുത്തും അവർ ആഗ്രഹിച്ചു'; ഐ.സി.സിക്കെതിരെ പാക് മാധ്യമപ്രവർത്തകൻ

ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ 12 സ്റ്റേജ് പോരാട്ടങ്ങൾ അവസാന റൗണ്ടിലേക്ക് കടന്നെങ്കിലും സെമി -ഫൈനൽ ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. ഇന്ത്യക്ക് ഇനി നേരിടാനുള്ളത് സിംബാബ്‍വെയെയാണ്. മത്സരം ജയിക്കുകയോ, പോയന്‍റ് പങ്കിടുകയോ ചെയ്താൽ ഇന്ത്യക്ക് സെമിയിലെത്താനാകും.

തോറ്റാൽ റൺറേറ്റ് നോക്കിയായിരിക്കും പിന്നെ തീരുമാനം. അഞ്ചു പോയന്റുമായി ദക്ഷിണാഫ്രിക്കയും നാലു വീതം പോയന്റിൽ പാകിസ്താനും ബംഗ്ലാദേശുമാണ് ഇന്ത്യയെക്കൂടാതെ അവസാന നാലിൽ ഇടംപ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ വലിയ മാർജിനിൽ പാകിസ്താൻ ജയിച്ചതോടെയാണ് ഗ്രൂപ് രണ്ടിൽ കാര്യങ്ങൾ പിന്നെയും കുഴഞ്ഞുമറിഞ്ഞത്.

കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ചു റൺസിനാണ് ഇന്ത്യ കീഴടക്കിയത്. പിന്നാലെ സൂപ്പർ താരം വിരാട് കോഹ്ലിക്കെതിരെ വ്യാജ ഫീൽഡിങ് ഉൾപ്പെടെയുള്ള ആരോപണവുമായി ബംഗ്ലാദേശ് താരങ്ങൾ രംഗത്തുവന്നിരുന്നു. ഫീൽഡിങ്ങിനിടെ കോഹ്ലി ബാറ്ററെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇവരുടെ വാദം.

പുതുതായി പാകിസ്താൻ സ്പോർട്സ് മാധ്യമപ്രർത്തകനാണ് രംഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെയാണ് സമാ ടിവിയിലെ ഖാദിർ ഖ്വാജയുടെ ആരോപണം. ഐ.സി.സിയുടെ നടപടികൾ സുതാര്യമല്ലെന്നും ഇന്ത്യക്ക് അനുകൂലമാണെന്നും അദ്ദേഹം ടിവി ചർച്ചയിൽ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്തിരുന്ന മുൻ പാക് നായകൻ ശാഹിദ് അഫ്രീദി ഇതിനോട് പ്രതികരിക്കാൻ തയാറായില്ല.

മത്സരത്തിലെ ഏതാനും സംഭവങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ആരോപണം. 'മഴക്കുശേഷം ഗ്രൗണ്ട് എത്ര മാത്രം നനഞ്ഞിരിക്കുന്നുവെന്ന് നിങ്ങൾ കണ്ടതല്ലെ. എന്നാൽ ഐ.സി.സി ഇന്ത്യയോട് ചായ്‌വ് കാണിച്ചു. എന്ത് വില കൊടുത്തും ഇന്ത്യയെ സെമിയിലെത്തിക്കാനായിരുന്നു അവരുടെ ആഗ്രഹം. പാകിസ്താനെതിരെ മത്സരങ്ങൾ നിയന്ത്രിച്ചിരുന്ന അമ്പയർമാർ തന്നെയാണ് ബംഗ്ലാദേശിനെതിരായ മത്സരങ്ങളിലും ഉണ്ടായിരുന്നത്, അവർ മികച്ച അമ്പയർക്കുള്ള പുരസ്‌കാരങ്ങൾ നേടും' -ഖ്വാജ പറഞ്ഞു.

എന്നാൽ, മത്സരത്തിൽ അതിവേഗം അർധ സെഞ്ച്വറി കുറിച്ച ബംഗ്ലാദേശിന്‍റെ ഓപ്പണർ ലിറ്റൻ ദാസിന്‍റെ പ്രകടനത്തെ അഫ്രീദി വാനോളം പുകഴ്ത്തുകയാണ് ചെയ്തത്.

Tags:    
News Summary - Pakistan Journalist Accuses ICC of Being Biased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.