ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ എം.എസ് ധോണിക്ക് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകൻ. 41 പിന്നിടുന്ന ധോണിയുടെ അവസാന ഐ.പി.എൽ സീസാണാകും ഇതെന്ന അഭ്യൂഹം ശക്തമാണ്. ചെന്നൈ ആരാധകർക്കത് ഒരിക്കലും ഉൾക്കൊള്ളാനാകില്ല.
ധോണി അടുത്ത സീസണിലും ടീമിനെ നയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. അത്തരമൊരു ആരാധകനെ ആകാശത്തുവെച്ച് കണ്ടുമുട്ടിയതിന്‍റെ അമ്പരപ്പിലാണ് ധോണി. ടീം യാത്ര ചെയ്യുന്ന വിമാനത്തിലെ പൈലറ്റായിരുന്നു ആ കട്ട ആരാധകൻ. ചെന്നൈയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് രസകരമായ സംഭവം.
വിമാനത്തിലെ ലൗഡ്‌സ്പീക്കറിലൂടെയാണ് പൈലറ്റ് ധോണി ആരാധന വെളിപ്പെടുത്തിയത്. സി.എസ്.കെ ടീം തന്റെ വിമാനത്തിൽ സഞ്ചരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ധോണി, ശിവം ദുബെ, ഡ്വൈൻ ബ്രാവോ, അജിങ്ക്യ രഹാനെ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം എടുത്തുപറയുകയും ചെയ്തു.
തുടർന്നായിരുന്നു ധോണിയോടുള്ള പൈലറ്റിന്റെ അഭ്യർഥന -‘പ്ലീസ്, ചെന്നൈ ക്യാപ്റ്റനായി തുടരണം. ഞാൻ വലിയ ആരാധകനാണ്’. ധോണിയെ കണ്ട വലിയ ആവേശത്തിലാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി. വാങ്കഡെയിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസിനെ ചെന്നൈ തകർത്തത്. ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ധോണിപ്പട രോഹിത് ശർമയുടെ സംഘത്തെ 157 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ 11 പന്ത് ബാക്കിനിൽക്കെ ചെന്നൈ ലക്ഷ്യത്തിലെത്തി. മൂന്നു വിക്കറ്റുമായി ജദേജ ബൗളിങ്ങിൽ തിളങ്ങിയപ്പോൾ, സീനിയർ താരം അജിങ്ക്യ രഹാനെ വെടിക്കെട്ട് ബാറ്റിങ്ങുമായി വിജയം അനായാസമാക്കി. സീസണിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി രഹാനെ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.