മരട്: നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും പരിശ്രമവുമുണ്ടെങ്കില്‍ ആഗ്രഹസാഫല്യം തൊട്ടരികിലെന്ന് തെളിയിച്ചിരിക്കുകയാണ് നെട്ടൂര്‍ സ്വദേശി അബ്ദുല്‍ ബാസിത്. മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ ടോപ് സ്കോറര്‍ നേട്ടത്തിനുശേഷം ഐ.പി.എല്‍ താരലേലത്തില്‍ രാജസ്ഥാന് റോയല്‍സ് ടീമില്‍ ഇടംനേടി കേരളത്തിനു തന്നെ അഭിമാനമായി ബാസിത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഐ.പി.എല്‍ താരലേലത്തില്‍ രാജസ്ഥാന് റോയല്‍സാണ് 20 ലക്ഷത്തിന് ഓള് റൗണ്ടര്‍ എന്ന നിലയില്‍ ബാസിത്തിനെ സ്വന്തമാക്കിയത്. പത്തോളം മലയാളി താരങ്ങള്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും മൂന്നുപേർ മാത്രമാണ് ടീമുകളില്‍ ഇടംപിടിച്ചത്. ഇതില്‍ രണ്ടുപേര്‍ മുംബൈ ഇന്ത്യന്‍സിലും ബാസിത് രാജസ്ഥാന് റോയല്‍സിലുമെത്തി. ബാസിത്തിന്റെ ആദ്യ ഐ.പി.എല്‍ കരാറാണിത്. പഞ്ചാബില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഹരിയാനക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത് ബാസിത്തിന്റെ പ്രകടനമാണ്. ‘‘കിട്ടിയ അവസരം പ്രയോജനപ്പെടുത്തി നല്ല രീതിയില്‍ കളിക്കുകയും ടീമിനെ വിജയിപ്പിക്കണമെന്നുമാണ് ആഗ്രഹം’’ - അബ്ദുല്‍ ബാസിത് പറഞ്ഞു. ഐ.പി.എല്‍ മത്സരത്തിനായി എന്ന് പുറപ്പെടണമെന്ന് തീരുമാനിച്ചില്ലെങ്കിലും ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന അണ്ടര്‍ 25 ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ അടുത്ത ദിവസം പുറപ്പെടാനിരിക്കുകയാണ്. കെ.എസ്.ആര്.ടി.സി ഡ്രൈവറായ പിതാവ് നെട്ടൂര്‍ പാപ്പനയില്‍ അബ്ദുല്‍ റഷീദിന്റെയും മാതാവ് സല്‍മത്തിന്റെയും പൂര്‍ണ പിന്തുണയാണ് ബാസിതിന്റെ ബലം. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിലാണ് മുഴുനീള പരിശീലനം പൂര്‍ത്തിയാക്കിയത്. മഹാരാജാസ് കോളജില്‍ എം.എ ഹിന്ദി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ബാസിത്. ടീമില്‍ ഇടംപിടിച്ചതറിഞ്ഞ് നെട്ടൂരിലെ വീട്ടിലേക്ക് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും നാട്ടുകാരും അഭിനന്ദനം അറിയിക്കാനെത്തുന്നുണ്ട്. നിരവധി പേര് ഫോണിലൂടെയും വിളിച്ച് ആശംസകൾ അറിയിക്കുന്നു. കെ. ബാബു എം.എല്‍.എയെത്തി അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.