ദുബൈ: ഐ.പി.എല്ലിൽ കൈവിട്ട വിജയം തിരിച്ചുപിടിച്ച് സഞ്ജു സാംസെൻറ രാജസ്ഥാൻ റോയൽസ്. അനായാസ ചേസിങ്ങുമായി വിജയത്തിലേക്ക് നീങ്ങുകയായിരുന്ന പഞ്ചാബ് കിങ്സ് പടിക്കൽ കലമുടച്ചപ്പോൾ രാജസ്ഥാന് രണ്ടു റൺസിെൻറ നാടകീയ വിജയം.
അവസാന ഓവറിൽ ജയിക്കാൻ നാലു റൺസ് മാത്രം വേണ്ടിയിരിക്കെയാണ് പഞ്ചാബ് തോൽവി ചോദിച്ചുവാങ്ങിയത്. കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ പിറന്നത് ഒരു റൺ മാത്രം. രണ്ടു നിർണായക വിക്കറ്റുകൾ വീഴ്ത്തിയതിന് പുറമെ മൂന്നു ഡോട്ട് ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാനുസ്വന്തം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ മുന്നോട്ടുവെച്ച 186 റൺസ് ലക്ഷ്യത്തിനുമുന്നിൽ നാലു വിക്കറ്റിന് 183 റൺസിനാണ് പഞ്ചാബ് പോരാട്ടം അവസാനിച്ചത്.
മായങ്ക് അഗർവാളും (43 പന്തിൽ 67) ക്യാപ്റ്റൻ ലോകേഷ് രാഹുലും (33 പന്തിൽ 49) മികച്ച അടിത്തറയിടുകയും പിന്നീടെത്തിയ എയ്ഡൻ മർക്രമും (20 പന്തിൽ 26 നോട്ടൗട്ട്) നികോളാസ് പൂരാനും (22 പന്തിൽ 32) മികച്ച കളി കെട്ടഴിക്കുകയും ചെയ്തതോടെയാണ് പഞ്ചാബ് വിജയത്തിനടുത്തെത്തിയത്. എന്നാൽ, ത്യാഗിയുടെ അവസാന ഓവറിൽ രാജസ്ഥാൻ കളി പിടിക്കുകയായിരുന്നു.
നേരത്തേ, മികച്ച തുടക്കത്തിലൂടെ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാനെ പഞ്ചാബിെൻറ ഇടങ്കയ്യൻ പേസർ അർശ്ദീപ് സിങ്ങാണ് അഞ്ചു വിക്കറ്റ് പ്രകടനത്തിലൂടെ 200നു താഴെ പിടിച്ചുനിർത്തിയത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി.
യശസ്വി ജയ്സ്വാളും (36 പന്തിൽ 49) മഹിപാൽ ലോംറോറും (17 പന്തിൽ 43) ആണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. എവിൻ ലൂയിസ് (21 പന്തിൽ 36), ലിയാം ലിവിങ്സ്റ്റൺ (17 പന്തിൽ 25) എന്നിവരും തിളങ്ങി. ക്യപ്റ്റൻ സഞ്ജു സാംസൺ (4), റ്യാൻ പരാഗ് (4) രാഹുൽ തെവാതിയ (2), ക്രിസ് മോറിസ് (5) തുടങ്ങിയവർക്ക് തിളങ്ങാനായില്ല. ലൂയിസും ജയ്സ്വാളും ചേർന്ന് ഗംഭീര തുടക്കമാണ് രാജസ്ഥാന് നൽകിയത്. ശരവേഗത്തിൽ അഞ്ചു ഓവറിൽ 50 കടന്നയുടൻ പക്ഷേ ലൂയിസ് വീണു. സഞ്ജു പെട്ടെന്ന് പുറത്തായെങ്കിലും ജയസ്വാളും ലിവിങ്സ്റ്റോണും ചേർന്ന് സ്കോറിങ് അതിവേഗം തുടർന്നു. ലിവിങ്സ്റ്റോൺ മടങ്ങിയ ശേഷമെത്തിയ ലോംറോർ അടിച്ചുതകർത്തപ്പോൾ സ്കോർ ദ്രുതഗതിയിൽ ചലിച്ചു. ഒടുവിൽ അർശ്ദീപും ഷമിയും ചേർന്ന് രാജസ്ഥാെൻറ സ്കോറിന് ഒരുവിധം കടിഞ്ഞാണിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.