ദോഹ: ലോകകപ്പ് ഫുട്ബാൾ ആവേശം ഉഴുതുമറിച്ച ഖത്തറിന്റെ മണ്ണിൽ ക്രിക്കറ്റ് ആരവങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഗൾഫ് സൗഹൃദരാജ്യങ്ങൾ മാറ്റുരക്കുന്ന പ്രഥമ ഗൾഫ് കപ്പ് ട്വൻറി20 ക്രിക്കറ്റിനും, പിന്നാലെ, ട്വൻറി20 ലോകകപ്പിനുള്ള ഏഷ്യ ക്വാളിഫയർ ‘എ’ മത്സരങ്ങൾക്കും തയാറെടുത്ത് ഖത്തർ.
ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ ആറ് രാജ്യങ്ങൾ മാറ്റുരക്കുന്ന പ്രഥമ ട്വൻറി20 ഗൾഫ് കപ്പിന് സെപ്റ്റംബർ 15വെള്ളിയാഴ്ചയാണ് തുടക്കംകുറിക്കുന്നത്.
ആറ് ടീമുകൾ, റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ പരസ്പരം മത്സരിക്കുന്ന ചാമ്പ്യൻഷിപ് ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ട്വൻറി20 ക്രിക്കറ്റിേലക്ക് ഗൾഫ് രാജ്യങ്ങൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും അന്താരാഷ്ട്ര വേദികളിൽ ഇടം ഉറപ്പിക്കുകയും ലക്ഷ്യമിട്ടാണ് പുതു മാതൃകയിൽ ആവേശപ്പൂരത്തിന് തുടക്കംകുറിക്കുന്നത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം (വെസ്റ്റ് എൻഡ് പാർക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയം) ആണ് മത്സരങ്ങളുടെ വേദിയാവുന്നത്.
വെള്ളിയാഴ്ച ഉദ്ഘടന മത്സരത്തിൽ വൈകീട്ട് നാലിന് ആദ്യ കളിയിൽ കുവൈത്ത് സൗദി അറേബ്യയെയും രാത്രി 8.30ന് ആതിഥേയരായ ഖത്തർ ബഹ്റൈനെയും നേരിടും. ദിവസവും, രണ്ട് മത്സരങ്ങൾ എന്ന നിലയിലാണ് സെപ്റ്റംബർ 20 വരെ കളികൾ ക്രമീകരിച്ചത്. അവസാന റൗണ്ടിൽ ഓരോ ദിവസവും ഒരു കളി മാത്രമാണുണ്ടാവുക. റൗണ്ട് റോബിൻ ലീഗിൽ ഒരു ടീമിന് അഞ്ച് കളി പൂർത്തിയാകും. തുടർന്ന്, ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന രണ്ട് ടീമുകൾ സെപ്റ്റംബർ 23ന് നടക്കുന്ന ഫൈനലിൽ മാറ്റുരക്കും.
മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാൻ, ബംഗ്ലാദേശ് തുടങ്ങിയ പ്രബലരായ ക്രിക്കറ്റ് രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ നിറഞ്ഞതാണ് ആറ് ഗൾഫ് രാജ്യങ്ങളുടെയും ടീമുകൾ എന്നതാണ് ശ്രദ്ധേയം. ഗൾഫ് കപ്പിനു പിന്നാലെ, സെപ്റ്റംബർ 28 മുതൽ ട്വൻറി20 ലോകകപ്പ് ഏഷ്യൻ ‘എ’ ക്വാളിഫയിങ് മത്സരത്തിനും ഇതേ സ്റ്റേഡിയങ്ങൾ വേദിയാകുന്നുണ്ട്.
ഖത്തറിനു പുറമെ, സൗദി അറേബ്യ, മാലദ്വീപ്, കുവൈത്ത് ടീമുകളാണ് ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇവിടെ മത്സരിക്കുന്നത്. ഒക്ടോബർ അഞ്ചുവരെ നടക്കുന്ന മത്സരത്തിൽനിന്ന് ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന ഒരു ടീം റീജനൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.
സെപ്റ്റംബർ 15
4.00pm കുവൈത്ത് x സൗദി
8.30pm ഖത്തർ x ബഹ്റൈൻ
സെപ്റ്റംബർ 16
4.00pm ഒമാൻ x യു.എ.ഇ
8.30pm ബഹ്റൈൻ x കുവൈ.
സെപ്റ്റംബർ 17
4.00pm ഖത്തർ x ഒമാൻ
8.30pm യു.എ.ഇ x സൗദി
സെപ്റ്റംബർ 18
4.00pm കുവൈത്ത് x ഖത്തർ
8.30pm സൗദി x ബഹ്റൈൻ
സെപ്റ്റംബർ 19
4.00pm കുവൈത്ത് x യു.എ.ഇ
8.30pm ഒമാൻ x ബഹ്റൈൻ
സെപ്റ്റംബർ 20
4.00pm യു.എ.ഇ x ഖത്തർ
8.30pm സൗദി x ഒമാൻ
സെപ്റ്റംബർ 21
8.30pm ഖത്തർ x സൗദി
സെപ്റ്റംബർ 22
8.30pm ബഹ്റൈൻx യു.എ.ഇ
സെപ്റ്റംബർ 21
8.30pm ഒമാൻ x കുവൈത്ത്
സെപ്റ്റംബർ 23
7.00 pm ഫൈനൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.