ഗുവാഹത്തിയിലെ ഒന്നാം ഏകദിനത്തിൽ ശ്രീലങ്കൻ ഇന്നിങ്സിന്റെ അവസാന ഓവറിൽ ദാസുൻ ശാനകക്കെതിരെ മങ്കാദിങ് അപ്പീൽ ഇന്ത്യൻ നായകൻ രോഹിത് ശർമ പിൻവലിച്ചിരുന്നു. അടുത്ത പന്തിൽ ഫോർ അടിച്ച് ശാനക സെഞ്ച്വറി തികക്കുകയും ചെയ്തു.
അവസാന ഓവറിലെ നാലാം പന്തിൽ ക്രീസ് വിട്ടിറങ്ങിയ ശാനകയെ ബാളർ മുഹമ്മദ് ഷമി റൺ ഔട്ടാക്കിയെങ്കിലും രോഹിത് അപ്പീൽ പിൻവലിക്കുകയായിരുന്നു. മങ്കാദിങ് വഴി ലങ്കൻ നായകനെ പുറത്താക്കുന്നതിനോടു താൽപര്യമില്ലെന്നാണ് മത്സരശേഷം രോഹിത് പ്രതികരിച്ചത്. എന്നാൽ, രോഹിത്തിന്‍റെ തീരുമാനത്തിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അത്ര തൃപ്തനല്ല.
നോൺ സ്ട്രൈക്കർ എൻഡിലുള്ള താരത്തെ മങ്കാദിങ് വഴി ഔട്ടാക്കുന്നത് നിയമവിധേയമായ പുറത്താക്കൽ തന്നെയാണെന്ന പക്ഷക്കാരനാണ് അശ്വിൻ. ‘ഷമി റണ്ണൗട്ടാക്കിയത് തന്നെയാണ്. ശാനക 98 റൺസുമായി നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുമ്പോഴാണ് റണ്ണൗട്ടാക്കിയത്, പിന്നാലെ അപ്പീലും ചെയ്തു. എന്നാൽ, രോഹിത് അപ്പീൽ പിൻവലിക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് പലരും ട്വീറ്റ് ചെയ്തു. സുഹൃത്തുക്കളെ, ഞാൻ ഒരു കാര്യം മാത്രം ആവർത്തിക്കുകയാണ്. കളിയുടെ സാഹചര്യം അപ്രധാനമാണ്. അത് നിയമവിധേയമായ പിരിച്ചുവിടൽ തന്നെയാണ്’ -അശ്വിൻ അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തി.
റൂൾബുക്ക് പാലിക്കാത്തതിന് അശ്വിൻ അമ്പയർമാരെയും വിമർശിച്ചു. മത്സരത്തിൽ 67 റൺസിനാണ് ഇന്ത്യ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.