സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ പരമ്പര വിജയം ലക്ഷ്യമിടുന്ന വിരാട് കോഹ്ലിക്കും സംഘത്തിനും ആദ്യ ടെസ്റ്റിൽ മികച്ച തുടക്കം. മൂന്നു മത്സര പരമ്പരയിലെ ആദ്യ അങ്കത്തിന് സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്കിൽ തുടക്കമായപ്പോൾ ആദ്യ ദിനം ഇന്ത്യ മൂന്നിന് 272 എന്ന നിലയിലാണ്.
തകർപ്പൻ സെഞ്ച്വറിയുമായി പുറത്താവാതെ നിൽക്കുന്ന ഓപണർ ലോകേഷ് രാഹുലിെൻറ (122) ഇന്നിങ്സാണ് ഇന്ത്യക്ക് കരുത്തായത്. അർധ സെഞ്ച്വറി നേടിയ മായങ്ക് അഗർവാളിനൊപ്പം (60) ചേർന്ന് രാഹുൽ ഓപണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്ത 117 റൺസ് ഇന്ത്യൻ സ്കോറിന് അടിത്തറപാകി.
ചേതേശ്വർ പുജാര നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിന് കൂടാരംകയറിയെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും (35) അജിൻക്യ രഹാനെയുടെയും (40 നോട്ടൗട്ട്) ഇന്നിങ്സുകൾ ഇന്ത്യക്ക് മുതൽക്കൂട്ടായി. കോഹ്ലിക്ക് ഏറെനാളായി അകന്നുനിൽക്കുന്ന സെഞ്ച്വറിയിലേക്ക് ബാറ്റുവീശാനായില്ലെങ്കിലും മൂന്നാം വിക്കറ്റിൽ രാഹുലിനൊപ്പം 82 റൺസിെൻറ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഒട്ടും ഫോമിലല്ലാതെ അതിസമ്മർദത്തിൽ ഇറങ്ങിയ രഹാനെ മികച്ച രീതിയിൽ ബാറ്റുചെയ്ത് രാഹുലിനൊപ്പം അഭേദ്യമായ നാലാം വിക്കറ്റിൽ 73 റൺസ് പടുത്തുയർത്തി.
ആക്രമണവും പ്രതിരോധവും സംയോജിപ്പിച്ച ഇന്നിങ്സിലൂടെയാണ് രാഹുൽ സെഞ്ച്വറി സ്വന്തമാക്കിയത്. തുടക്കത്തിൽ പങ്കാളി മായങ്കിന് കൂടുതൽ സ്കോറിങ് ചുമതല നൽകിയ രാഹുൽ പ്രതിരോധത്തിലായിരുന്നു.
എന്നാൽ, പതിയെ ആക്രമിച്ചുതുടങ്ങിയ രാഹുൽ 248 പന്തിൽ ഒരു സിക്സും 17 ബൗണ്ടറിയും പായിച്ചു. കോഹ്ലി 94 പന്തിൽ നാലും രഹാനെ 81 പന്തിൽ എട്ടും ബൗണ്ടറി നേടി. ലുൻഗി എൻഗിഡിയാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.