ആർ.സി.ബി വീണു; സഞ്ജുവും സംഘവും ക്വാളിഫയറിൽ, നാല് വിക്കറ്റ് ജയം

അഹമ്മദാബാദ്: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയകുതിപ്പിന് കടിഞ്ഞാണിട്ട് രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ എലിമിനേറ്ററിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് സഞ്ജുവും സംഘവും ക്വാളിഫയറിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗളൂരൂ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 30 പന്തിൽ 45 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളാണ് ടോപ് സ്കോറർ.  


ടോം കോഹ്ലർ-കാഡ്മോർ (20), നായകൻ സഞ്ജു സാംസൺ (17),  റിയാൻ പരാഗ് (36), ധ്രുവ് ജുറേൽ (8), ഷിംറോൺ ഹെറ്റ്മെയർ (26) എന്നിവർ പുറത്തായി. 16 റൺസുമായി റോവ്മാൻ പവൽ പുറത്താവാതെ നിന്നു. വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന ക്വാളിഫയറിൽ രാജസ്ഥാൻ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.  


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു കരുതലോടെയാണ് തുടങ്ങിയതെങ്കിലും അതിനിർണായക മത്സരത്തിൽ മികച്ച ടോട്ടൽ കെട്ടിപ്പടുക്കാനായില്ല. 3.4 ഓവറിൽ 37 റൺസിൽ നിൽക്കെ ക്യാപ്റ്റൻ ഫാഫ് ഡു ​െപ്ലസി (17)യെ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയ പവലാണ് രാജസ്ഥാന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ട്രെൻഡ് ബോൾട്ടിനാണ് വിക്കറ്റ്. തുടർന്ന് ക്രീസിലെത്തിയ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി സ്കോറിങ്ങിന് വേഗം കൂട്ടിയെങ്കിലും യൂസ്വേന്ദ്ര ചഹൽ എത്തിയതോടെ കോഹ്‌ലിയും വീണു. 24 പന്തിൽ 33 റൺസെടുത്ത കോഹ്‌ലി ഡൊണോവൻ ഫെരീറക്കാണ് ക്യാച്ച് നൽകിയത്. ഇതിനിടെ കോഹ്ലി ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ 8000 റൺസ് പിന്നിടുന്ന ആദ്യ താരവുമായി.

രവിചന്ദ്ര അശ്വിൻ എറിഞ്ഞ 13-ാമത്തെ ഓവറിൽ കാമറൂൺ ഗ്രീനും (27) റണ്ണൊന്നുമെടുക്കാതെ ​െഗ്ലൻ മാക്സ് വെലും പുറത്തായതോടെ വൻ പ്രതിരോധത്തിലായി ബെംഗളൂരു. രജത് പാട്ടിദാറും -മഹിപാൽ ലോംറോറും ചേർന്നാണ് ടീമിനെ നൂറ് കടത്തിയത്. 122 ൽ നിൽക്കെ പാട്ടിദാറും മടങ്ങി. 22 പന്തിൽ 34 റൺസെടുത്ത പാട്ടിദാറിനെ ആവേശ് ഖാന്റെ പന്തിൽ റിയാൻ പരാഗാണ് പിടിച്ചത്.

11 റൺസെടുത്ത ദിനേഷ് കാർത്തികിനെയും 17 പന്തിൽ 32 റൺസെടുത്ത മഹിപാൽ ലോംറോറിനെയും ആവേശ് ഖാൻ മടക്കി. ഇന്നിങ്സിലെ അവസാന പന്തിൽ കരൺ ശർമയും (5) പുറത്തായി. ഒമ്പത് റൺസെടുത്ത സ്വപ്നിൽ സിങ് പുറത്താകാതെ നിന്നു. ആവേശ് ഖാൻ മൂന്നും രവിചന്ദ്ര അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി. 



 


Tags:    
News Summary - Rajasthan Royals beat Royal Challengers Bangalore by 4 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.