രാജസ്ഥാൻ റോയൽസിന്‍റെ ഇംഗ്ലീഷ് സൂപ്പർ ബാറ്റർ ജോ റൂട്ട് ഐ.പി.എൽ 2024 സീസണിൽ കളിക്കില്ല. സീസണിൽനിന്ന് താരം വിട്ടുനിൽക്കുന്ന കാര്യം ടീം അധികൃതർ തന്നെയാണ് അറിയിച്ചത്.
ഐ.പി.എല്ലിൽ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ വിവരങ്ങൾ ബി.സി.സി.ഐക്ക് കൈമാറാനുള്ള അവസാന ദിവസം ഞായറാഴ്ചയാണ്. 2023 മിനി ലേലത്തിൽ ഒരു കോടി രൂപക്കാണ് റൂട്ടിനെ മലയാളി നായകൻ സാഞ്ജു സാംസണിന്‍റെ രാജസ്ഥാൻ സ്വന്തമാക്കിയത്. എന്നാൽ, സീസണിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ സഹതാരങ്ങളിലും ഫ്രാഞ്ചൈസിയിലും വിലയ സ്വാധീനം ചെലുത്തിയ റൂട്ടിനെ രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ഡയറക്ടറും മുൻ ശ്രീലങ്കൻ താരവുമായ കുമാർ സംഗക്കാര അഭിനന്ദിച്ചു. ഇത് ടീമിന് വലിയ നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
താരങ്ങളുമായി നടത്തിയ സംവാദത്തിലാണ് ഐ.പി.എൽ 2024 സീസണിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം റൂട്ട് അറിയിച്ചത്. താരത്തിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും വിജയാശംസകൾ നേരുന്നുവെന്നും സംഗക്കാര പറഞ്ഞു. ഇംഗ്ലണ്ട് ഏകദിന നായകൻ ജോസ് ബട്ലറും രാജസ്ഥാൻ താരമാണ്. ടീമിലെ സ്പിന്നർ യുസ് വേന്ദ്ര ചഹലുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു ജോ റൂട്ട്.
ഈ വർഷത്തെ ഐ.പി.എൽ മിനി ലേലം ദുബൈയിൽ നടക്കുമെന്നാണ് വിവരം. ഡിസംബർ 19നായിരിക്കും ലേലം നടക്കുക. ഇതാദ്യമായാണ് ഐ.പി.എൽ താരലേലം ഇന്ത്യക്ക് പുറത്ത് നടത്തുന്നത്. ഈ വരുന്ന സീസണോടെ കളിക്കാരുടെ മൂന്ന് വർഷത്തെ കരാർ അവസാനിക്കുകയാണ്. അടുത്ത വർഷം മെഗാ താരലേലവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.