കൊൽകത്ത: തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ് തിരിച്ചെത്തി. രാജസ്ഥാൻ ഓപണർ യശസ്വി ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (47 പന്തിൽ 98) ബലത്തിൽ 9 വിക്കറ്റിനാണ് കൊൽക്കത്തയെ തകർത്തത്. 29 പന്തിൽ 48 റൺസെടുത്ത് നായകൻ സഞ്ജു സാംസൺ പുറത്താകാതെ നിന്നു.
20 ഓവറിൽ 150 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് റൺസൊന്നും എടുക്കാതെ ഓപണർ ജോസ് ബട്ട്ലറിനെ (റണ്ണൗട്ട് ) നഷ്ടമായി. തുടർന്നെത്തിയ നായകൻ സഞ്ജു സാംസനെ കൂട്ടുപിടിച്ച് യശ്വസി ജയ്സ്വാൾ കത്തിക്കയറുകയായിരുന്നു. 13 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ ജയ്സ്വാൾ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയാണ് നേടിയത്.
14 പന്തിൽ അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുൽ, പാറ്റ് കമ്മിൻസ് എന്നിവരുടെ പേരിലുള്ള റെക്കോർഡാണ് സ്വന്തം പേരിൽ ചേർത്തത്. പുറത്താകാതെ 47 പന്തിൽ 5 സിക്സറും 12 ബൗണ്ടറിയുമുൾപ്പെടെ പുറത്താകാതെ 98 റൺസാണ് ജയ്സ്വാൾ നേടിയത്. 29 പന്തിൽ 5 സിക്സറും രണ്ടു ബൗണ്ടറിയുൾപ്പെടെ 48 റൺസും ചേർത്താണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്.
നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുസാംസണിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്ന ബൗളർമാരുടെ പ്രകടനം. കൊൽക്കത്തയുടെ ശക്തമായ ബാറ്റിങ് നിരയെ യുസ്‌വേന്ദ്ര ചാഹലിന്റെ നേതൃത്വത്തിലുള്ള ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ഓപണർമാരായ ജേസൺ റോയ് 10 ഉം റഹ്മാനുള്ള ഗുർബാസ് 18 ഉം റൺസെടുത്ത് ട്രെന്റ് ബോൾട്ടിന് വിക്കറ്റ് നൽകി പുറത്തായി.
തുടർന്നെത്തിയ വെങ്കിടേഷ് അയ്യർ ക്രീസിൽ ശക്തമായി നിലയുറപ്പിച്ചെങ്കിലും ക്യാപ്റ്റൻ നിതീഷ് റാണ 22 റൺസിൽ നിൽകെ യുസ്‌വേന്ദ്ര ചാഹലിന്റെ ആദ്യ ഇരയായി. ഇതോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളാറായി യുസ്‌വേന്ദ്ര ചാഹൽ. മുൻ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് താരം ഡ്വെയ്ൻ ബ്രാവോയുടെ പേരിലുള്ള( 183 വിക്കറ്റ്) റെക്കോഡാണ് മറികടന്നത്.
തുടർന്നെത്തിയ ആന്ദ്രെ റസ്സൽ 10 റൺസെടുത്ത് കെ.എം.ആസിഫിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അർദ്ധ സെഞ്ച്വറി (57) പൂർത്തിയാക്കിയ വെങ്കിടേഷ് അയ്യരെ ചാഹൽ വീഴ്ത്തി. വെടിക്കെട്ട് ബാറ്റർ റിങ്കു സിംഗ് 16 ഉം, ശാർദുൽ താക്കൂർ 1 ഉം , സുനിൽ നരെയ്ൻ 6 ഉം, അനുകുൽ റോയ് പുറത്താകാതെ 6 ഉം റൺസെടുത്തു.
രാജസ്ഥാന് വേണ്ടി ചാഹൽ നാലും, ബോൾട്ട് രണ്ടും, സന്ദീപ് ശർമയും കെ.എം.ആസിഫും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.