ഗുവാഹതി: തുടർച്ചയായ വിജയങ്ങളുമായി ഒന്നാംസ്ഥാനത്ത് മുന്നേറി തോൽവികളുമായി നിറംമങ്ങിക്കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസിന് ഞായറാഴ്ച ലീഗ് റൗണ്ടിൽ അവസാന പോരാട്ടം. രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് (19 പോയന്റ്) സഞ്ജു സാംസൺ സംഘത്തിന്റെ എതിരാളികൾ.
16 പോയന്റുമായി നിൽക്കുന്ന രാജസ്ഥാൻ വീണ്ടും തോൽക്കുകയും ഇന്നത്തെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ സൺ റൈസേഴ്സ് ജയിക്കുകയും ചെയ്താൽ കാര്യങ്ങൾ പിന്നെയും മാറിമറിയും. 17 പോയന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി ക്വാളിഫയറിൽ കൊൽക്കത്തയുമായി ഏറ്റുമുട്ടും. എലിമിനേറ്ററിലായിരിക്കും പിന്നെ രാജസ്ഥാന് ഇറങ്ങേണ്ടിവരുക.
നാല് മത്സരങ്ങളിൽ തുടരെത്തുടരെ തോൽവി ഏറ്റുവാങ്ങിയ സഞ്ജുവും സംഘവും കഴിഞ്ഞ രണ്ട് കളികളിൽ 150 റൺസ് പോലും നേടിയില്ല. സ്റ്റാർ ഓപണർ ജോസ് ബട്ട്ലർ ദേശീയ ടീമിന്റെ ഡ്യൂട്ടിക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങിയതോടെ ടോപ് ബാറ്റർമാരായ യശസ്വി ജയ്സ്വാളിന്റെയും സഞ്ജുവിന്റെയും റയാൻ പരാഗിന്റെയും ഉത്തരവാദിത്തം വർധിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് കൊൽക്കത്ത അവസാനം ഇറങ്ങിയത്.
ഈ കളി മഴമൂലം ഉപേക്ഷിച്ചു. ഓപണർ ഫിൽ സാൾട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് കൊൽക്കത്തക്കും തിരിച്ചടിയാണ്. ഏപ്രിൽ 16ന് ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്തയെ രാജസ്ഥാൻ രണ്ട് വിക്കറ്റിന് തോൽപിച്ചിരുന്നു. ഇന്ന് രാജസ്ഥാൻ ജയിച്ചാൽ ക്വാളിഫയറിൽ ഇരു ടീമും വീണ്ടും മുഖാമുഖം വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.