കൊൽക്കത്ത: രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിനെതിരെ വൻ തകർച്ചയിൽ നിന്ന് കരകയറി കേരളം. മൂന്നാംനാൾ സ്റ്റമ്പെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 267 റൺസെന്ന നിലയിലാണ് സന്ദർശകർ. ഒന്നാം ഇന്നിങ്സിൽ 83 റൺസെടുക്കുന്നതിനിടെ, ആറ് വിക്കറ്റുകൾ നഷ്ടമായ ടീമിനെ ഏഴാം വിക്കറ്റിൽ ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സക്സേന 84 റൺസിന് പുറത്തായി. 64 റൺസോടെ സൽമാൻ നിസാറും 30 റൺസോടെ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് മൂന്നാംനാൾ കളി നിർത്തുമ്പോൾ ക്രീസിൽ. ഇന്ന് നാലാമത്തെയും അവസാനത്തെയും ദിവസമായതിനാൽ മത്സരം സമനിലയിൽ കലാശിക്കുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. നാല് വിക്കറ്റിന് 51 റൺസെന്ന നിലയിലാണ് കേരളം ഇന്നലെ ബാറ്റിങ് പുനരാരംഭിച്ചത്. 32 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ, രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. 12 റൺസെടുത്ത ക്യാപ്റ്റന്‍ സച്ചിൻ ബേബിയെയും 31 റൺസെടുത്ത അക്ഷയ് ചന്ദ്രനെയും ഇഷാൻ പോറലാണ് പുറത്താക്കിയത്. തുടർന്ന്, ക്രീസിൽ സംഗമിച്ച സക്സേനയും സൽമാനും ശക്തമായി ചെറുത്തുനിന്നതോടെ ബംഗാൾ ബൗളർമാർ വലഞ്ഞു. ഇരുവരും 325 പന്തിൽ 140 റൺസാണ് ചേർത്തത്. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ജലജ് സക്സേനയെ സിന്ധു ജയ്സ്വാൾ ബൗൾഡാക്കി. 162 പന്തിലാണ് താരം 84 റൺസെടുത്തത്.
223ൽ ഏഴാം വിക്കറ്റ് വീണെങ്കിലും സൽമാന് കൂട്ടായി അസ്ഹർ എത്തിയതോടെ കേരളം പോരാട്ടം തുടർന്നു. 205 പന്തിലാണ് സൽമാൻ 64ലെത്തിയിരിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തി ഇഷാൻ പോറൽ ബംഗാൾ ബൗളർമാരിൽ മിന്നി. ആദ്യ ദിനം മഴയെത്തുടർന്ന് ടോസ് പോലും ചെയ്യാനാവാതെ മത്സരം ഉപേക്ഷിച്ചിരുന്നു. രണ്ടാംനാൾ 15.1 ഓവർ മാത്രമാണ് കളിക്കാനായാത്. രോഹൻ കുന്നുമ്മൽ (23), വത്സൽ ഗോവിന്ദ് (5), ബാബ അപരാജിത് (0), ആദിത്യ സർവതെ (5) എന്നിവർ വേഗത്തിൽ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.