കൊൽക്കത്ത: കേരളവും ബംഗാളും തമ്മിലെ രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. നാലാം ദിനം കേരളം ഒമ്പത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ മൂന്ന് വിക്കറ്റിന് 181 റൺസെടുത്ത് നില്‍ക്കെ കളി സമനിലയിൽ പിരിഞ്ഞു. ഏഴ് വിക്കറ്റിന് 267 റൺസിൽ ബാറ്റിങ് പുനരാരംഭിച്ച കേരളം 356 വരെ എത്തിച്ചത് സൽമാൻ നിസാറിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും പ്രകടനമാണ്. 84 റൺസെടുത്ത് അസ്ഹറുദ്ദീൻ മടങ്ങിയപ്പോൾ സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു. കനത്ത മഴ മൂലം ഒന്നര ദിവസത്തോളം വൈകി ആരംഭിച്ച മത്സരത്തിൽ
കൂട്ടത്തകർച്ചക്കു ശേഷം ശക്തമായി തിരിച്ചുവരവു നടത്തിയാണ് കേരളം സമനില പിടിച്ചത്. കേരളത്തിന് ആദ്യ ഇന്നിങ്സിൽ 83 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ, ഏഴാം വിക്കറ്റിലെയും എട്ടാം വിക്കറ്റിലെയും സെഞ്ചറി കൂട്ടുകെട്ടാണ് കേരളത്തിനെ കരകയറ്റിയത്. ഇതോടെ, മൂന്നു കളികളിൽനിന്ന് ഒരു ജയവും രണ്ടു സമനിലകളും സഹിതം എട്ടു പോയിന്റുമായി കേരളം എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ്. ഒരു കളി ജയിക്കുകയും രണ്ടു കളികൾ ഒന്നാം ഇന്നിങ്സ് ലീഡോടെ സമനിലയിലാക്കുകയും ചെയ്ത ഹരിയാന 13 പോയിന്റുമായി ഒന്നാം സ്ഥാനത്തും.
കേരളത്തിനായി ആദിത്യ സർവതെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും സ്വന്തമാക്കി. അർധസെഞ്ചറി നേടിയ ഓപ്പണർമാരായ ശുവം ഡേ (113 പന്തിൽ 67), സദീപ് ചാറ്റർജി (102 പന്തിൽ 57) എന്നിവരാണ് ബംഗാളിനായി പൊരുതിനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.