തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാംദിനം ലഞ്ചിനു പിരിയുമ്പോൾ കേരളം 58 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിട്ടുണ്ട്. 18 റൺസിന്‍റെ ലീഡ്. ഉത്തർപ്രദേശിന്‍റെ ഒന്നാം ഇന്നിങ്സ് 162 റൺസിൽ അവസാനിച്ചിരുന്നു.
നായകൻ സചിന്‍ ബേബിയും (88 പന്തിൽ 46) സൽമാൻ നിസാറുമാണ് (എട്ടു പന്തിൽ ഏഴ്) ക്രീസിലുള്ളത്. ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദ് 23 റണ്‍സും രോഹന്‍ കുന്നുമല്‍ 28 റണ്‍സും നേടി. ബാബ അപരാജിത് 32 റണ്‍സിന് പുറത്തായി. ആദിത്യ സര്‍വാതെ (40 പന്തിൽ 14), അക്ഷയ് ചന്ദ്രൻ (70 പന്തിൽ 24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. യു.പിക്കായി ശിവം ശർമ രണ്ടു വിക്കറ്റ് നേടി.
രഞ്ജിയില്‍ 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യതാരമെന്ന റെക്കോഡ് ജലജ് സക്സേന ആദ്യദിനം സ്വന്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിന്‍റെ നിതീഷ് റാണയെ പുറത്താക്കിയാണ് ജലജ് ചരിത്രനേട്ടം കൈവരിച്ചത്.
16 ഓവറിൽ 56 റൺസ് വഴങ്ങിയായിരുന്നു സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 120 മത്സരത്തില്‍നിന്നാണ് സക്സേനക്ക് അപൂർവനേട്ടം. രഞ്ജി ട്രോഫിയില്‍ 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും ജലജ് നേടിയിട്ടുണ്ട്. കൂടാതെ 29 തവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി.
മധ്യപ്രദേശ് ക്രിക്കറ്റില്‍ 2005 ലാണ് ജലജിന്‍റെ കരിയര്‍ ആരംഭിക്കുന്നത്. 2016- 17 രഞ്ജി സീസണില്‍ കേരള ടീമിലെത്തി. കേരളത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായ സക്സേന ആഭ്യന്തര ഫോർമാറ്റുകളിലുടനീളം 9,000 റൺസും 600 വിക്കറ്റുകളും നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എലീറ്റ് ക്ലബിലും കഴിഞ്ഞവർഷം എത്തി. രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികക്കുന്ന 13ാമത്തെ ബൗളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.