രാജ്കോട്ട്: രഞ്ജി ട്രോഫി എലീറ്റ് 'എ' ഗ്രൂപ്പിൽ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്സ് ലീഡിനായി കേരളം പൊരുതുന്നു. ഒന്നാമിന്നിങ്സിൽ 388 റൺസ് നേടിയ ഗുജറാത്തിനെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം നാലു വിക്കറ്റിന് 277 റൺസെടുത്തിട്ടുണ്ട്. ലീഡ് സ്വന്തമാക്കാൻ ആറു വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് 111 റൺസ് കൂടി വേണം.
തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഓപണർ രോഹൻ എസ്. കുന്നുമ്മലിന്റെ (129) മികവിലാണ് കേരളം പൊരുതുന്നത്. നായകൻ സചിൻ ബേബി 53ഉം ഓപണർ പി. രാഹുൽ 44ഉം റൺസെടുത്തു. ജലജ് സക്സേനയാണ് (നാല്) പുറത്തായ മറ്റൊരു ബാറ്റർ. വത്സൽ ഗോവിന്ദും (14) വിഷ്ണു വിനോദും (21) ആണ് ക്രീസിൽ. 171 പന്തിൽ നാലു സിക്സും 16 ഫോറും അടക്കമാണ് രോഹൻ 129 റൺസെടുത്തത്. ആദ്യ കളിയിൽ മേഘാലയക്കെതിരെയും രോഹൻ സെഞ്ച്വറിയടിച്ചിരുന്നു.
നേരത്തേ, ആറിന് 334 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്തിനെ കേരള ബൗളർമാർ 388ലൊതുക്കുകയായിരുന്നു. സെഞ്ച്വറിയുമായി തലേദിവസം ക്രീസിലുണ്ടായിരുന്ന ഹേത് പട്ടേൽ 185 റൺസടിച്ചപ്പോൾ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. 10 വിക്കറ്റും പേസർമാർക്കായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷും നാലു വിക്കറ്റ് പിഴുത ബേസിൽ തമ്പിയുമാണ് കേരള ബൗളർമാരിൽ തിളങ്ങിയത്. ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.