രഹാനെക്കും മുശീറിനും അർധശതകം; ഡ്രൈവിങ് സീറ്റിൽ മുംബൈ

മുംബൈ: വിദർഭയെ എറിഞ്ഞുവീഴ്ത്തി 42ാം രഞ്ജി കിരീടമെന്ന റെക്കോഡിലേക്ക് അതിവേഗം കുതിക്കുന്ന മുംബൈക്ക് രണ്ടാംദിനം കളി നിർത്തുമ്പോൾ 260 റൺസ് ലീഡ്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും യുവതാരം മുശീർ ഖാനും അർധ സെഞ്ച്വറികളുമായി പുറത്താകാതെ നിൽക്കുന്ന ടീം രണ്ടാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്. മുംബൈ 224 & 141/2 , വിദർഭ 105.

ധ്രുവ് ഷോരി, കരുൺ നായർ എന്നിവരടക്കം മടങ്ങി മൂന്നു വിക്കറ്റ് നഷ്ടത്തിൽ 31 എന്നനിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിദർഭ 105ൽ എല്ലാവരും പുറത്തായി. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ കരുതലോടെയായിരുന്നു ടീം ബാറ്റിങ് പുനരാരംഭിച്ചതെങ്കിലും സ്ട്രൈക്ക് കൈമാറുന്നതിലോ ബൗണ്ടറികൾ കണ്ടെത്തുന്നതിലോ പരാജയമായതോടെ സ്കോർ ഒച്ചിഴയും വേഗത്തിലായി. 67 പന്തിൽ 27 അടിച്ച യാഷ് റാഥോഡ് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. മറുവശത്ത്, ധവാൽ കുൽക്കർണി ഒരാളെ കൂടി മടക്കി മുംബൈ ബൗളിങ്ങിൽ ഏറ്റവും അപകടകാരിയായി. 15 റൺസ് വിട്ടുകൊടുത്ത് താരം സ്വന്തമാക്കിയത് വിലപ്പെട്ട നാലു വിക്കറ്റ്.

സ്പിന്നർമാരായ തനുഷ് കോട്ടിയൻ (4.3-1-7-3), ഷംസ് മുലാനി (3/32) എന്നിവർ കൂടി ചേർന്ന് വിദർഭയുടെ പോരാട്ടം അതിവേഗം അവസാനിപ്പിച്ചു. മികച്ച ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച മുംബൈ നിരയിൽ ഓപണർമാരായ പൃഥ്വി ഷാ (11), ഭൂപൻ ലാൽവാനി (18) എന്നിവർ നേരത്തെ മടങ്ങി. ഇതോടെ ഒത്തുചേർന്ന മുശീറും രഹാനെയും ചേർന്ന് മുംബൈ റൺവേട്ട അതിവേഗത്തിലാക്കി. ഏറെയായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന രഹാനെ ഫോമിലെത്തിയതായിരുന്നു കളിയിലെ ഹൈലൈറ്റ്. 109 പന്തിൽ 58 റൺസെടുത്ത് രഹാനെയും 134 പന്തിൽ 51മായി മുശീറും ബാറ്റിങ് തുടരുകയാണ്. ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് കൂടുതൽ നീണ്ടാൽ വിദർഭയുടെ സാധ്യതകൾ തീരെ മങ്ങും.

Tags:    
News Summary - Ranji Trophy: Mumbai in the driving seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.