അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിഫൈനലിന്റെ നാലാം ദിനം അവസാനിച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ ഗുജറാത്താണ്. ഒന്നാമിന്നിങ്സ് ലീഡ് നേടിയാൽ കന്നി ഫൈനൽ കളിക്കാമെന്ന കേരളത്തിന്റെ സ്വപ്നങ്ങൾ ഏറെ കുറേ അവസാനിച്ച മട്ടാണ്. അഞ്ചാം ദിനം 28 റൺസിനുള്ളിൽ ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുക എന്ന വിദൂര സാധ്യത മാത്രമാണുള്ളത്.
സ്റ്റംമ്പ് എടുക്കുമ്പോൾ ഏഴിന് 429 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്. 161 പന്തിൽ 74 റൺസുമായി ജെ.എം പട്ടേലും 134 പന്തിൽ 24 റൺസുമായി എസ്.ദേശായിയുമാണ് ക്രീസിൽ. ഒന്നിന് 222 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഗുജറാത്ത് ഒരു ഘട്ടത്തിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും എട്ടാം വിക്കറ്റിൽ പട്ടേലും ദേശായിയും പാറ കണക്കെ ഉറച്ച് നിന്നതോടെ ഗുജറാത്ത് ലീഡിലേക്ക് അടുക്കുകയായിരുന്നു.
നാലാം ദിനം ആദ്യ സെഷനിൽ ജലജ് സക്സേനയുടെ മികച്ച ബൗളിങ്ങ് പ്രകടനമാണ് ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയത്. 61 ഓവർ പന്തെറിഞ്ഞ സക്സേന നാല് വിക്കറ്റ് വീഴ്ത്തി. 33 റൺസെടുത്ത മനൻ ഹിംഗ്രാജിയെ പുറത്താക്കിയാണ് സക്സേന തുടങ്ങിയത്. 237 പന്തിൽ 148 റൺസെടുത്ത ഓപണർ പ്രിയങ്ക് പഞ്ചാലിനെയും വീഴ്ത്തി സക്സേന ഞെട്ടിച്ചു. 25 റൺസെടുത്ത ഉർവിൻ പട്ടേലും രണ്ടു റൺസെടുത്ത നായകൻ ചിന്തൻ ഗജയും സക്സേനക്ക് മുന്നിൽ വീണു.
ഹേമങ് പട്ടേലിനെ (27) എം.ഡി നിതീഷും വിശാൽ ജയ്സ്വാളിനെ (14) ആദിത്യ സർവാതെയും വീഴ്ത്തിയതോടെ ഗുജറാത്തിന്റെ നില പരുങ്ങിലിലായി. എന്നാൽ തുടർന്നങ്ങോട്ട് ജയ്മീത് പട്ടേലിന്റെയും സിദ്ധാർഥ് ദേശായിയുടെയും ശക്തമായി ചെറുത്ത് നിൽപ്പായിരുന്നു. ഏഴു വിക്കറ്റ് വീഴുമ്പോൾ 357 റൺസായിരുന്നു ഗുജറാത്തിന്റെ സ്കോറെങ്കിൽ നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് കളയാതെ അവർ 429ൽ എത്തി.
നേരത്തെ കേരളം ഒന്നാം ഇന്നിങ്സിൽ 457 റൺസിന് പുറത്തായിരുന്നു. 177 റൺസുമായി മുന്നിൽ നിന്ന് നയിച്ച മുഹമ്മദ് അസ്ഹറുദ്ദീന്റെ കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. 341 പന്തിലായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിങ്സ്. സമനില ഉറപ്പായ കളിയിൽ ആദ്യ ഇന്നിങ്സ് ലീഡെടുക്കുന്നവർ ഫൈനലിൽ കയറും.
നാഗ്പൂർ: രഞ്ജി ട്രോഫി രണ്ടാം സെമി ഫൈനലിൽ വിദർഭ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ മുംബൈ പതറുന്നു. ജയിക്കാൻ 406 റൺസ് വേണ്ട ഇവർ നാലാംദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 83 റൺസെന്ന നിലയിലാണ്. ഒരു ദിവസവും ഏഴ് വിക്കറ്റും ബാക്കിയിരിക്കെ ജയിച്ച് ഫൈനലിലെത്താൻ മുംബൈക്ക് 323 റൺസ് കൂടി വേണം.
ഇന്നലെ വിദർഭയുടെ രണ്ടാം ഇന്നിങ്സ് 292ൽ അവസാനിച്ചിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോൾ ഒറ്റയാനായി പോരാടിയ യാഷ് റാത്തോഡിന്റെ (151) തകർപ്പൻ സെഞ്ച്വറിയാണ് വിദർഭയെ രക്ഷിച്ചത്. മുംബൈക്കായി സ്പിന്നർ ഷംസ് മുലാനി ആറ് വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സിൽ മുംബൈ 113 റൺസ് ലീഡ് വഴങ്ങിയിരുന്നു. ഇതോടെ കളി സമനിലയിലായാലും വിദർഭ ഫൈനലിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.