വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഇന്ത്യയുടെ സൂപ്പർതാരങ്ങളായ കെ.എൽ.രാഹുലും രവീന്ദ്ര ജദേജയും പുറത്തായി. ആദ്യ ടെസ്റ്റിൽ നിന്ന് പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരെയും പുറത്തിരുത്താൻ തീരുമാനിച്ചത്. പകരം മൂന്ന് പേരെ ടീമിൽ ഉൾപ്പെടുത്തി.
ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലായിട്ടും സ്ഥിരം ടീം സെലക്ടർമാരുടെ അവഗണനക്കിരയാകുന്ന സർഫറാസ് ഖാനാണ് ഇന്ത്യയുടെ സർപ്രൈസ് എൻട്രി. മധ്യനിര ബാറ്റർ സർഫറാസ് ഖാന് പുറമെ ഇടംകയ്യൻ സ്പിന്നർ സൗരഭ് കുമാർ , ആൾറൗണ്ടർ വാഷിങ്ടൺ സുന്ദർ എന്നിവരെ കൂടി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി.
ആദ്യ ടെസ്റ്റിൽ പേശിവലിവ് അനുഭവപ്പെട്ട ജദേജക്ക് അടുത്ത മത്സരങ്ങൾ ഏറെകുറേ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഹാം സ്ട്രിങ്ങിന് പരിക്കേറ്റ രവീന്ദ്ര ജദേജ കളിക്കില്ലെന്ന് സ്ഥിരീകരണം എത്തിയപ്പോഴാണ് സ്റ്റാർ ബാറ്റർ കെ.എൽ.രാഹുൽ വലത് ക്വാഡ്രൈപ്സ് ഇഞ്ചുറി മൂലം കളിക്കില്ലെന്ന് പ്രഖ്യാപനം ഉണ്ടാകുന്നത്. എന്നാൽ എത്ര മത്സരം നഷ്ടപ്പെടും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 26 കാരനായ മഹാരാഷ്ട്ര താരം ഇന്ത്യൻ ടീമിലെത്തുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗംഭീര ട്രാക്ക് റെക്കോഡാണ് സർഫറാസിനുള്ളത്. 45 മത്സരങ്ങളിൽ നിന്ന് 69.85 ശരാശരിയിൽ 14 സെഞ്ച്വറിയും 11 അർധ സെഞ്ച്വറികളും ഉൾപ്പെടെ 3912 റൺസാണ് താരം നേടിയിട്ടുള്ളത്. 301 റൺസാണ് ഉയർന്ന സ്കോർ. ദിവസങ്ങൾക്ക് മുൻപ് ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ ടീമിന്റെ താരമായ സർഫറാസ് 160 പന്തിൽ 161 റൺസാണ് നേടിയത്.
ഉത്തർ പ്രദേശിൽ നിന്നുള്ള ആൾറൗണ്ടറാണ് ഇടംകൈയൻ ബൗളറും ബാറ്ററുമായ സൗരഭ്. 24.41 ശരാശരിയിൽ 290 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ നേടിയ താരം 2022 ഡിസംബറിൽ ബംഗ്ലാദേശ് പര്യടനത്തിനായി ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറ്റം കുറിക്കാനായിരുന്നില്ല. 68 മൽസരങ്ങളിൽ നിന്നും രണ്ടു സെഞ്ച്വറിയും 12 അർധസെഞ്ച്വറിയുമടക്കം 2061 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെ.എസ് ഭരത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, ആവേശ് ഖാൻ, രജത് പാട്ടീദർ, സർഫറാസ് ഖാൻ, വാഷിങ്ടൺ സുന്ദർ, സൗരഭ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.