വലതുകാൽ മുറിച്ചുമാറ്റേണ്ടി വരുമായിരുന്നു...; കാർ അപകടത്തിന്‍റെ രൂക്ഷത വെളിപ്പെടുത്തി ഋഷഭ് പന്ത്

കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇന്ത്യൻ താരം ഋഷഭ് പന്തിന് ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്താൻ ഇനിയും ഏതാനും മാസങ്ങൾ കാത്തിരിക്കണം. ആറുമാസമാണ് താരത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു സമയം.

എന്നാൽ, എത്രയും വേഗത്തിൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് വിക്കറ്റ് കീപ്പർ കൂടിയായ പന്ത്. പരിക്കിൽനിന്ന് പൂർണ മുക്തനാകാൻ 16-18 മാസങ്ങൾ എടുക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. അപകടത്തിൽ താരത്തിന്‍റെ വലതുകാലിനാണ് ഗുരുതര പരിക്കേറ്റത്. കൂടാതെ, ശരീരത്തിൽ വിവിധയിടങ്ങളിൽ സാരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

കാൽമുട്ടിൽ ഒന്നിലധികം തവണ ശസ്ത്രക്രിയ നടത്തിയശേഷമാണ് താരത്തിന് നടക്കാനായത്. 2022 ഡിസംബർ 30നു അമ്മയെ കാണാൻ ഡൽഹിയിൽ നിന്നു ജന്മസ്ഥലമായ റൂർക്കിയിലേക്കു പോകുംവഴി ഹരിദ്വാർ ജില്ലയിലെ മാംഗല്ലൂരിൽ പന്ത് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിൽ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയത്. പന്ത് പുറത്തു കടന്നതിനു പിന്നാലെ വാഹനം കത്തിച്ചാമ്പലായിരുന്നു.

‘ഇടിയുടെ ആഘാതത്തിൽ വലതുകാൽ 180 ഡിഗ്രിയോളം വളഞ്ഞുപോയി. ഞരമ്പുകൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചിരുന്നെങ്കിൽ വലതുകാൽ ഭാഗികമായി മുറിച്ചുമാറ്റേണ്ടിവരുമായിരുന്നു’ -പന്ത് വെളിപ്പെടുത്തി. നിലവിൽ താരം ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ കായിക‍ക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്.

പരിക്കിൽനിന്ന് വേഗത്തിൽ മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതിലാണ് ഇപ്പോൾ താരം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ പ്രഫഷനൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം. ഡൽഹി ക്യാപിറ്റൽസിന്‍റെ നായകനാണ്.

Tags:    
News Summary - Rishabh Pant Reveals His Right Leg 'Turned 180 Degrees' After Car Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.