‘വാൻ ഡെർ മെർവ്’; ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചത് മുമ്പ് ടീമിൽ നിന്നൊഴിവാക്കിയ താരം

ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച അട്ടിമറികളുടെ ലോകകപ്പാണ് ഇത്തവണത്തേത്. മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേ കരുത്തരായ ദക്ഷിണാഫ്രിക്കയെ ദുർബലരായ നെതർലാൻഡ്സ് 38 റൺസിന് പരാജയപ്പെടുത്തി. 43 ഓവറിൽ എട്ടിന് 245 റൺസിലെത്തിയ നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ 207 റൺസിന് പുറത്താക്കുകയായിരുന്നു.

ഓറഞ്ച് പടയിൽ ദക്ഷിണാഫ്രിക്കയെ തകർക്കാനായി മുന്നിൽ നിന്നത് മുൻ ദക്ഷിണാഫ്രിക്കൻ താരം കൂടിയായ റുലോഫ് വാർഡെർ മെർവ് ആയിരുന്നു എന്നതാണ് ശ്രദ്ധേയം. 38കാരനായ അദ്ദേഹം ബാറ്റുകൊണ്ടും പന്തുകൊണ്ടും മുൻ ടീമിനെ കണക്കിന് പ്രഹരിച്ചു.


14 വർഷം മുമ്പ് ആസ്ട്രേലിയയ്ക്കെതിരെയായിരുന്നു വാൻഡെർ മെർവിന്റെ ദക്ഷിണാഫ്രിക്കൻ അരങ്ങേറ്റം. 2009-10 കാലയളവിൽ ദക്ഷിണാഫ്രിക്കൻ ടീമിന് വേണ്ടി 13 ഏകദിനങ്ങളിൽ വാൻഡെർ മെർവ് കളിച്ചു. എന്നാൽ പിന്നീട് കാര്യമായ അവസരങ്ങൾ ലഭിക്കാതാവുകയും, 2015ൽ നെതർലൻഡ്സിലേക്ക് കുടിയേറുകയും ചെയ്തു. മെർവ് ജനിച്ചുവളർന്നത് ദക്ഷിണാഫ്രിക്കയിലാണെങ്കിലും അദ്ദേഹത്തിന്‍റെ മാതാവ് നെതർലൻഡ്സ് വംശജയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത നെതർലൻഡ്സ് ബാറ്റിങ് നിരയിൽ 19 പന്തിൽ മൂന്നു ഫോറും ഒരു സിക്സറും ഉൾപ്പടെ വാൻഡെർ മെർവ് 29 റൺസ് അടിച്ചുകൂട്ടിയിരുന്നു. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തുന്നതിൽ അദ്ദേഹത്തിന്‍റെ പ്രകടനം നിർണായകമായി. ബൗളിങ്ങിലും തിളങ്ങിയ താരം, ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവുമ, റാസ്സി വാൻഡർ ഡസൻ എന്നിവരുടെ വിക്കറ്റുകൾ പിഴുത് എതിരാളികൾക്ക് വൻ തിരിച്ചടി നൽകി. വാൻഡർ മെർവ് ഉൾപ്പെട്ട നെതർലാൻഡ്സ് ടീം കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിരുന്നു.

Tags:    
News Summary - Roelof van der Merwe: Former South African Cricketer Instrumental in Netherlands' Victory Against the Proteas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.