ന്യൂഡൽഹി: ഇന്ത്യ–ആസ്ട്രേലിയ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ തിരിച്ചെത്തും. ആദ്യ രണ്ട് മത്സരങ്ങളിൽ രോഹിതിനും കോഹ്‍ലിക്കും ഹാർദികിനും കുൽദീപിനും വിശ്രമം അനുവദിച്ചപ്പോൾ ടീമിലെ റൊട്ടേഷൻ നയത്തിന്റെ ഭാഗമായി രണ്ടാം മത്സരത്തിലാണ് ബുംറക്ക് വിശ്രമം അനുവദിച്ചിരുന്നത്. ബുധനാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിൽ അഞ്ചുപേരും ടീമിനൊപ്പം ചേരുമ്പോൾ ഓപണർ ശുഭ്മൻ ഗിൽ, ആൾറൗണ്ടർ ഷാർദുൽ ഠാക്കൂർ എന്നിവർക്ക് വിശ്രമം അനുവദിച്ചേക്കും.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ആസ്ട്രേലിയക്കെതിരെ സമ്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്. ഏകദിനത്തിൽ ഇന്ത്യ ഇതുവരെ ഓസീസിനെ ‘വൈറ്റ്‍വാഷ്’ ചെയ്തിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ടീമിന്റെ ലക്ഷ്യം. ഇതോടെ ഒക്ടോബർ എട്ടിന് നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ആസ്ട്രേലിയയെ ആത്മവിശ്വാസത്തോടെ നേരിടാനും ഇന്ത്യക്കാകും.
ഏഷ്യാകപ്പ് ഫൈനലിനിടെ പരിക്കേറ്റ ആൾറൗണ്ടർ അക്സർ പട്ടേൽ നാളെയും ടീമിലുണ്ടാകില്ല. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ലോകകപ്പ് സന്നാഹ മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. ഏഷ്യൻ ഗെയിംസ് ടീമിലുള്ള ഋതുരാജ് ഗെയ്ക്‌വാദ്, മുകേഷ് കുമാർ എന്നിവരെയും മൂന്നാം ഏകദിനത്തിനുള്ള ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.