ഏഷ്യാ കപ്പിലെ ത്രില്ലർ സൂപ്പർ ഫോർ പോരിൽ പാകിസ്താന്റെ ശക്തരായ പേസർമാരെ അടിച്ചുപരത്തി രോഹിത് ശർമ നേടിയ വെടിക്കെട്ട് ഫിഫ്റ്റി ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശക്കാഴ്ചയായിരുന്നു സമ്മാനിച്ചത്. മത്സരം മഴ കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും രോഹിത് 49 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 10 ഫോറടക്കം 58 റൺസും നേടി 24.1 ഓവറിൽ ഇന്ത്യയുടെ സ്കോർ 147-ൽ എത്തിച്ചിരുന്നു.
പാകിസ്താനെതിരെ നേടിയ അർധ സെഞ്ച്വറിയിലൂടെ വമ്പൻ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകനിപ്പോൾ. മത്സരത്തിൽ താരം നേടിയത് നാല് സിക്സറുകളായിരുന്നു. അതിലൂടെ ഏഷ്യാ കപ്പിലെ സിക്സർ രാജാവായി രോഹിത് മാറി. ഏഷ്യാ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമെന്ന റെക്കോർഡ് പാകിസ്താന്റെ ഷാഹിദ് അഫ്രീദിക്കൊപ്പമാണ് രോഹിത് പങ്കിടുന്നത്.
ഷാഹിദ് അഫ്രീദി ഏഷ്യാകപ്പിൽ 21 ഇന്നിങ്സുകളിലായി നേടിയത് 26 സിക്സറുകളായിരുന്നു. 24 ഇന്നിങ്സുകളിലാണ് രോഹിത് 26 സിക്സറുകൾ നേടിയത്. അതേസമയം, ഇപ്രാവശ്യത്തെ ഏഷ്യാ കപ്പ് തുടങ്ങുന്നതിന് മുമ്പ് രോഹിതിന്റെ പേരിൽ 17 സിക്സറുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേപാളിനെതിരെ താരം നേടിയ അഞ്ച് സിക്സും പാകിസ്താനെതിരെ നേടിയ നാലെണ്ണവുമാണ് അഫ്രീദിക്കൊപ്പം ഇന്ത്യൻ നായകനെ എത്തിച്ചത്. ഇനി വരും മത്സരങ്ങളിൽ നേടുന്ന സിക്സറുകൾ താരത്തെ പുതിയ ഓള്‍ടൈം റെക്കോര്‍ഡിന് അവകാശിയാക്കും.
23 സിക്‌സറുകളുമായി ജയസൂര്യയാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (18 സിക്‌സ്), ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി / അ്ഫ്ഗാനിസ്താന്റെ മുഹമ്മദ് നബി (14 സിക്‌സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.