ഇത് റെക്കോഡ് മാൻ! രോഹിത്തിന് ഏകദിനത്തിൽ 300 സിക്സ്; ആദ്യ ഇന്ത്യൻ താരം

അഹ്മദാബാദ്: ഓരോ മത്സരം കഴിയുമ്പോഴും ഇന്ത്യൻ നായകൻ രോഹിത് ശർമ പുതിയ, പുതിയ റെക്കോഡുകൾ സ്വന്തം പേരിൽ എഴുതി ചേർക്കുകയാണ്. ലോകകപ്പിലെ ആവേശപ്പോരിൽ പാകിസ്താനെതിരെ തകർത്തടിച്ച ഹിറ്റ്മാന് 14 റൺസിനാണ് തുടർച്ചയായ രണ്ടാം സെഞ്ച്വറി നഷ്ടമായത്.

63 പന്തിൽ 86 റൺസെടുത്ത താരം ശഹീൻ അഫ്രീദിയുടെ പന്തിൽ ഇഫ്ത്തിഖാർ അഹ്മദിനെ ക്യാച്ച് നൽകിയാണ് പുറത്തായത്. ആറു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. എന്നാൽ, താരം മത്സരത്തിൽ മറ്റൊരു അപൂർവ നഴികക്കല്ല് പിന്നിട്ടു. ഏകദിനത്തിൽ 300 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

ലോക ക്രിക്കറ്റിൽ ഷഹീദ് അഫ്രീദി, ക്രിസ് ഗെയിൽ എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് രോഹിത്. ഏകദിനത്തിൽ 302 സിക്സുകളാണ് താരത്തിന്‍റെ പേരിലുള്ളത്. 351 സിക്സുകളുമായാണ് അഫ്രീദി ഒന്നാമതുള്ളത്. 398 ഇന്നിങ്സുകളിലാണ് താരം ഇത്രയും സിക്സുകൾ നേടിയത്. 301 ഇന്നിങ്സുകളിൽനിന്ന് 331 സിക്സുകൾ നേടിയ ക്രിസ് ഗെയിലാണ് രണ്ടാമത്. 254 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് 302 സിക്സുകൾ നേടിയത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സിക്സർ നേടിയ താരമെന്ന റെക്കോഡ് അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മത്സരത്തിൽ രോഹിത് സ്വന്തമാക്കിയിരുന്നു.

കൂടാതെ, ഇതിഹാസ താരം സചിൻ തെണ്ടുൽക്കറെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമാകുകയും ചെയ്തു. പാകിസ്താൻ കുറിച്ച 192 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ, 117 പന്തുകൾ ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. പാകിസ്താനെതിരെ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ജയമാണ്. ഈ ലോകകപ്പിലെ മൂന്നാം ജയത്തോടെ പോയന്‍റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി.

Tags:    
News Summary - Rohit Sharma Becomes First Indian To Smash 300 ODI Sixes; Watch Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.