ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ഓവലിൽനടന്ന ആദ്യ ഏകദിനത്തിൽ രോഹിത് ശർമ അടിച്ച സിക്സറിൽ പന്തുകൊണ്ട് പരിക്കേറ്റ പെണ്‍കുട്ടിയെ കാണാൻ താരം നേരിട്ടെത്തിയതായി റിപ്പോർട്ട്. ഇംഗ്ലണ്ട് ടീം ആരാധകരുടെ ട്വിറ്റർ ഹാന്‍ഡിലായ 'ഇംഗ്ലണ്ട് ബാർമി ആര്‍മി'യാണ് ഇക്കാര്യം അറിയിച്ചത്. ആറു വയസ്സുകാരിയായ മീരക്കാണ് പരിക്കേറ്റിരുന്നത്. ഇംഗ്ലണ്ട് ടീമിലെ ഫിസിയോമാർ ഉടന്‍ കുട്ടിക്കടുത്തേക്ക് ഓടിയെത്തി ചികിത്സ നൽകിയിരുന്നു. രോഹിത് കുട്ടിയുടെ അടുത്തെത്തി ആശ്വസിപ്പിക്കുകയും ചോക്ലേറ്റും ടെഡിബിയറും സമ്മാനിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ട് സ്കോർ പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലാണ് സംഭവം. പേസർ ഡേവിഡ് വില്ലി എറിഞ്ഞ പന്ത് രോഹിത് ശർമ പുൾഷോട്ടായി ഗാലറിയിലേക്ക് പറത്തി. 79 മീറ്റർ അകലേക്കാണ് പന്ത് പറന്നത്. അമ്പയര്‍ സിക്സ് എന്ന് കാണിച്ചതിന് പിന്നാലെ കാമറയിൽ പരിക്കേറ്റ പെൺകുട്ടിയുടെ ദൃശ്യവും പതിഞ്ഞു. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടതോടെ ഇംഗ്ലണ്ട് ടീമിലെ ഫിസിയോമാർ ഉടന്‍ ഓടിയെത്തി.
സംഭവത്തിനു ശേഷം ഏതാനും നിമിഷം കഴിഞ്ഞാണ് കളി വീണ്ടും തുടങ്ങിയത്. രോഹിത് ശര്‍മയും ഇംഗ്ലീഷ് താരം ജോ റൂട്ടും ഗാലറിയിലേക്ക് നോക്കിനിൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. 58 പന്തുകൾ നേരിട്ട രോഹിത് ശർമ ഏഴ് ഫോറും ആറ് സിക്സും അടക്കം പുറത്താകാതെ 76 റൺസാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.