പുതിയ ബാറ്റിങ് റെക്കോഡ് കുറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 17,000 റൺസ് പിന്നിടുന്ന ആറാമത്തെ ഇന്ത്യൻ താരമായി രോഹിത്.
438ാമത്തെ അന്താരാഷ്ട്ര മത്സരം കളിക്കുന്ന 35കാരന് 21 റൺസാണ് റെക്കോഡ് ബുക്കിൽ ഇടം നേടാൻ വേണ്ടിയിരുന്നത്. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 17 റൺസാണ് താരം നേടിയത്. മൂന്നാം ദിനം ആദ്യ സെഷനിൽ നാലു റൺസ് കൂടി നേടിയതോടെയാണ് താരം എലീറ്റ് ക്ലബിലെത്തിയത്. ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കർ, സൂപ്പർതാരം വിരാട് കോഹ്ലി, ടീം പരിശീലകനായ രാഹുൽ ദ്രാവിഡ്, മുൻ ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, മുൻ നായകൻ എം.എസ്. ധോണി എന്നിവർ മാത്രമാണ് 17,000ത്തിനു മുകളിൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ.
ഓസീസിനെതിരായ ടെസ്റ്റിൽ 114 റൺസ് നേടുകയാണെങ്കിൽ പട്ടികയിൽ ധോണിയെ മറികടന്ന് രോഹിത്തിന് അഞ്ചാമതെത്താനാകും. 535 മത്സരങ്ങളിൽനിന്ന് 17,092 റൺസാണ് ധോണിയുടെ സമ്പാദ്യം. 34,357 റൺസുമായി സചിനാണ് റൺ വേട്ടക്കാരിൽ ഒന്നാമൻ. 664 മത്സരങ്ങളാണ് താരം കളിച്ചത്. രണ്ടാമതുള്ള കോഹ്ലിയുടെ പേരിലുള്ളത് 494 മത്സരങ്ങളിൽനിന്ന് 25,047 റൺസും.
2007ൽ അയർലൻഡിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച രോഹിത്, ഇന്ത്യക്കായി ഇതിനകം 48 ടെസ്റ്റ് മത്സരങ്ങളും 241 ഏകദിനങ്ങളും 148 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 9,782 റൺസും ഏകദിനത്തിൽ 9782 റൺസും ട്വന്‍റി20യിൽ 3853 റൺസുമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.