നാലാം ട്വന്റി20 മത്സരത്തിൽ വിൻഡീസിനെതിരെ നേടിയ 59 റൺസിന്‍റെ വിജയവുമായാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നാലു കളികളിൽ മൂന്നും ഇന്ത്യ കൈയിലാക്കി (3-1). പരമ്പരയിലെ അവസാനത്തെ മത്സരം ഞായറാഴ്ച രാത്രി നടക്കും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. വിൻഡീസിന്‍റെ മറുപടി ബാറ്റിങ് 19.1 ഓവറിൽ 132 റൺസിന് അവസാനിച്ചു. ഋഷഭ് പന്ത് (31 പന്തിൽ 44), രോഹിത് ശർമ (16 പന്തിൽ 33) എന്നിവരാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ റൺവേട്ടക്ക് മുന്നിൽനിൽക്കാൻ ഒരാൾ പോലുമില്ലാതെയായിരുന്നു വിൻഡീസ് തകർച്ച. അർഷ്ദീപ് സിങ് മൂന്നും ആവേശ് ഖാൻ, അക്സർ പട്ടേൽ, രവി ബിഷ്‍ണോയ് എന്നിവർ രണ്ടു വീതവും വിക്കറ്റു വീഴ്ത്തി. എന്നാൽ, സ്റ്റമ്പിന് പിന്നിൽ പന്തിന്റെ കോമാളിത്തരങ്ങൾ ക്യാപ്റ്റനെ ചൊടിപ്പിച്ചിരിക്കുകയാണ്.
വിൻഡീസ് നായകൻ നിക്കോളാസ് പൂരൻ മത്സരത്തിന്‍റെ അഞ്ചാം ഓവറിലാണ് പുറത്താകുന്നത്. കൈൽ മേയേഴ്സായിരുന്നു മറുഭാഗത്ത്. അക്‌സർ പട്ടേലിന്റെ പന്ത് കവർ പോയിന്റിലേക്ക് ഓടിച്ച പൂരൻ റണ്ണിനായി ഓടിയെങ്കിലും പിച്ചിന്‍റെ മധ്യത്തിൽ കുടുങ്ങി. കൈൽ മേയേഴ്സുമായുള്ള ആശയക്കുഴപ്പമാണ് ഇതിന് കാരണം. മലയാളി താരം സഞ്ജു സാംസണിന്‍റെ കൈയിലെത്തിയ പന്ത്, ഉടൻ തന്നെ സഞ്ജു പന്തിന് എറിഞ്ഞുകൊടുത്തു.
എന്നാൽ, പന്ത് കൈയിലെത്തിയിട്ടും സ്റ്റെമ്പ് ചെയ്യാൻ ഋഷഭ് മനപൂർവം വൈകിപ്പിച്ചു. ഇതാണ് രോഹിത് ശർമയെ ചൊടിപ്പിച്ചത്. കൂടുതൽ സമയം പാഴാക്കാതെ പന്ത് സ്റ്റെമ്പ് ചെയ്യാൻ ഇന്ത്യൻ ക്യാപ്റ്റൻ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെയാണ് ഋഷഭ് പൂരനെ ഔട്ടാക്കുന്നത്.
മൂന്ന് കിടിലൻ സിക്സുകൾ ഉൾപ്പെടെ എട്ട് പന്തിൽ 24 റൺസ് നേടിയാണ് പൂരൻ പുറത്തായത്. അക്‌സർ പിന്നീട് മേയേഴ്‌സിനെയും റോവ്‌മാൻ പവലിനെയും പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.