ചരിത്രത്തിലേക്ക് ഇനി ഒരൊറ്റ മത്സരം! രോഹിത് അപൂർവ ട്വന്‍റി20 റെക്കോഡിനരികെ

ഇന്ത്യൻ നായകൻ രോഹിത് ശർമയെ കാത്തിരിക്കുന്നത് ട്വന്‍റി20 ക്രിക്കറ്റിലെ അപൂർവ ലോക റെക്കോഡുകളിലൊന്ന്. അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യതാരമെന്ന ചരിത്ര നേട്ടത്തിലേക്ക് ഇനി ഒരു മത്സരത്തിന്‍റെ ദൂരം മാത്രമാണുള്ളത്.

ഞായറാഴ്ച അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ രണ്ടാം ട്വന്‍റി20 മത്സരത്തിൽ കളിക്കാൻ ഇറങ്ങുന്നതോടെ ഹിറ്റ്മാൻ ഈ നേട്ടം സ്വന്തമാക്കും. 14 മാസത്തെ ഇടവേളക്കുശേഷമാണ് രോഹിത് കുട്ടിക്രിക്കറ്റിൽ വീണ്ടും ഇന്ത്യക്കായി കളിക്കാനിറങ്ങിയത്. കഴിഞ്ഞവർഷം നടന്ന ട്വന്‍റി20 ലോകകപ്പിനു പിന്നാലെ രോഹിതും കോഹ്ലിയും ട്വന്‍റി20യിൽ കളിച്ചിട്ടില്ല.

ഇന്ത്യക്കായി ഇതുവരെ 149 ട്വന്‍റി20 മത്സരങ്ങളാണ് രോഹിത് കളിച്ചത്. അയർലൻഡിന്‍റെ പോൾ സ്റ്റിർലിങ്ങും (134 മത്സരങ്ങൾ) ജോർജ് ഡോക്രെല്ലുമാണ് (128 മത്സരങ്ങൾ) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ആദ്യ ട്വന്‍റി20യിൽ രോഹിത് പൂജ്യത്തിന് റണ്ണൗട്ടായി മടങ്ങിയെങ്കിലും ടീം ഇന്ത്യ ആറുവിക്കറ്റിന് അഫ്ഗാനെ തോൽപിച്ചിരുന്നു. ജയത്തോടെ 100 അന്താരാഷ്ട്ര ട്വന്‍റി20 മത്സര വിജയങ്ങളിൽ പങ്കാളിയായ ആദ്യ പുരുഷ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

രോഹിതിന് മുമ്പ് മൂന്ന് വനിത താരങ്ങൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ഡാനി വയാത്താണ് (111) ഏറ്റവും കൂടുതൽ വിജയം നേടിയ താരം. ആസ്ട്രേലിയൻ വനിത താരങ്ങളായ അലിസ ഹീലി, എലിസ് പെറി എന്നിവർ 100 മത്സരവിജയങ്ങളിൽ പങ്കാളികളായി. എന്നാൽ, പുരുഷ താരങ്ങളിൽ 86 വിജയം നേടിയ പാകിസ്താന്‍റെ ഷുഹൈബ് മാലികാണ് രണ്ടാമത്. 73 വിജയം നേടിയ വിരാട് കോഹ്‍ലി മൂന്നാമതുണ്ട്.

ശിവം ദുബെയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 40 പന്തിൽ 60 റൺസുമായി താരം പുറത്താകാതെ നിന്നു. തിലക് വർമ 22 പന്തിൽ 26ഉം ജിതേഷ് ശർമ 20 പന്തിൽ 31ഉം റൺസെടുത്ത് പുറത്തായി. റിങ്കു സിങ് ഒമ്പത് പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാനിസ്താനായി മുജീബുർറഹ്മാൻ രണ്ടു വിക്കറ്റും അസ്മത്തുല്ല ഉമർസായി ഒരു വിക്കറ്റും നേടി.

Tags:    
News Summary - Rohit Sharma On Verge Of Sensational T20I Achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.