ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിക്കുപകരം വൈറ്റ്ബാൾ ക്രിക്കറ്റിൽ മുഴുസമയ നായകനായി അവരോധിക്കപ്പെട്ട ശേഷമുള്ള രോഹിത് ശർമയുടെ ആദ്യ പരമ്പരയായിരിക്കുമിത്. പരിക്കുമൂലം ദക്ഷിണാഫ്രിക്കൻ പര്യടനം പൂർണമായും നഷ്ടമായ രോഹിത് ശാരീരികക്ഷമത വീണ്ടെടുത്താണ് തിരിച്ചെത്തിയത്.
രോഹിതിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിൽ ടീമിനെ നയിച്ച ലോകേഷ് രാഹുലാണ് ഉപനായകൻ. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇരുടീമുകളിലേക്കും പരിഗണിക്കാതിരുന്നപ്പോൾ പേസർമാരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു. തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജയെയും ഹർദിക് പാണ്ഡ്യയെയും പരിഗണിച്ചില്ല. ലെഗ് സ്പിന്നർ രവി ബിഷ്ണോയിയും പേസർ ആവേശ് ഖാനുമാണ് രണ്ടു ടീമിലും ഇടംപിടിച്ച പുതുമുഖങ്ങൾ.
ഓഫ് സ്പിന്നർ വാഷിങ്ടൺ സുന്ദർ ഇരുടീമിലും തിരിച്ചെത്തി. ഓപണർ ഋതുരാജ് ഗെയ്ക് വാദ് ഏകദിന ടീമിൽ സ്ഥാനംനിലനിർത്തിയപ്പോൾ ട്വന്റി20യിലേക്ക് പരിഗണിച്ചില്ല. പേസർ ഭുവനേശ്വർ കുമാറിനെയും ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെയും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും ട്വന്റി20 ടീമിലെടുത്തപ്പോൾ ഏകദിന സംഘത്തിൽനിന്ന് ഒഴിവാക്കി. ബാറ്റർ ദീപക് ഹൂഡ, ചൈനമാൻ ബൗളർ കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും ഏകദിന ടീമിൽ ഇടംകണ്ടു.
അക്സർ പട്ടേലും ഹർഷൽ പട്ടേലും ട്വന്റി20 സംഘത്തിൽ ഇടംകണ്ടു. ഏകദിന മത്സരങ്ങൾ ഫെബ്രുവരി ആറ്, ഒമ്പത്, 11 തീയതികളിൽ അഹ്മദാബാദിലും ട്വന്റി20 കളികൾ 16, 18, 20 തീയതികളിൽ കൊൽക്കത്തയിലുമാണ്.
രോഹിത് ശർമ (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക് വാദ്, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, ശേയ്രസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദീപക് ചഹാർ, ശർദുൽ ഠാകൂർ, യുസ് വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ.
രോഹിത് ശർമ (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, ശേയ്രസ് അയ്യർ, ഋഷഭ് പന്ത്, വെങ്കിടേഷ് അയ്യർ, ദീപക് ചഹാർ, ശർദുൽ ഠാകൂർ, യുസ് വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.