ജദേജയുടെ സെഞ്ച്വറിക്കായി ‘ബലിയാടായി’ സർഫറാസ്! ഡ്രസ്സിങ് റൂമിൽ രോഷാകുലനായി രോഹിത്

രാജ്കോട്ട്: ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറിയുമായി തിളങ്ങി സർഫറാസ് ഖാൻ. 66 പന്തിൽ 62 റൺസെടുത്ത താരം ആരാധകരെ നിരാശരാക്കി റണ്ണൗട്ടാകുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 48 പന്തിലാണ് താരം 50 റൺസ് പൂർത്തിയാക്കിയത്. ഏകദിന ശൈലിയിൽ ഇംഗ്ലീഷ് ബൗളർമാരെ അനായാസം നേരിട്ട സർഫറാസ്, നോൺ സ്ട്രൈക്ക് എൻഡിൽ നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റണ്ണൗട്ടാകുന്നത്. അരങ്ങേറ്റ മത്സരം കളിക്കുന്നതിന്‍റെ യാതൊരു പരിഭവവും താരത്തിന്‍റെ മുഖത്തുണ്ടായിരുന്നില്ല.

ബാറ്റിങ് കണ്ടപ്പോൾ താരം സെഞ്ച്വറി നേടുമെന്ന് വരെ ആരാധകർ ഒരുവേള പ്രതീക്ഷിച്ചിരുന്നു. 99 റൺസിൽ നിൽക്കെ രവീന്ദ്ര ജദേജ മിഡ്-ഓണിലേക്ക് അടിച്ച പന്തിൽ സർഫറാസ് റണ്ണിനായി ഓടി. ഈസമയം ജദേജയും സിംഗിളിനായി സ്റ്റാർട്ടിങ് നൽകി. അൽപം മുന്നോട്ടു ഓടിയ ജദേജ വേണ്ടെന്ന് പറഞ്ഞ് പിന്നിലോട്ട് തന്നെ ഓടുകയായിരുന്നു. അപ്പോഴേക്കും സർഫറാസ് പിച്ചിന്‍റെ മധ്യഭാഗത്ത് എത്തിയിരുന്നു. പന്ത് കൈപിടിയിലൊതുക്കിയ മാർക്ക് വുഡിന്‍റെ ത്രോ പിഴച്ചില്ല. സർഫറാസ് തിരിഞ്ഞ് ഓടിയെത്തുമ്പോഴേക്കും സ്റ്റമ്പിൽ പന്ത് കൊണ്ടിരുന്നു. ജദേജയെ ഒന്നു നോക്കിയശേം ഏറെ നിരാശയോടെയാണ് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.

ഈസമയം ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന നായകൻ രോഹിത് ശർമ തലയിലുണ്ടായിരുന്ന തൊപ്പി വലിച്ചെറിഞ്ഞ് രോഷാകുലനാകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. 90 റൺസിൽനിന്ന് ഏറെ സമയമെടുത്താണ് താരം സെഞ്ച്വറിയിലെത്തിയത്. ഗാലറിയിലുണ്ടായിരുന്ന സർഫറാസിന്‍റെ കുടുംബത്തിന്‍റെ മുഖത്തും നിരാശപ്രകടമായിരുന്നു.

താരത്തിന്റെ ഭാര്യ റൊമാന ജാഹുറും പിതാവ് നൗഷാദ് ഖാനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അരങ്ങേറ്റ മത്സരം കാണാനെത്തിയിരുന്നു. ടെസ്റ്റ് ടീം തൊപ്പി ലഭിച്ച സന്തോഷത്തിൽ, ഗ്രൗണ്ടിലെത്തിയ പിതാവും ഭാര്യയും വിതുമ്പുന്നതിനിടെ സർഫറാസ് ആശ്വസിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്ന ഇന്ത്യയുടെ 311ാമത്തെ താരമാണ് സർഫറാസ്‌. മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെയാണ് സർഫറാസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.

ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമയുടെയും രവീന്ദ്ര ജദേജയുടെയും സെഞ്ച്വറികളും സർഫറാസിന്‍റെ അർധ സെഞ്ച്വറിയുമായി ഇന്ത്യൻ സ്കോർ 300 കടത്തിയത്.

Tags:    
News Summary - Rohit Sharma Throws His Cap In Disgust As Sarfaraz Khan Sacrifices Wicket For Ravindra Jadeja’s Century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.