മുംബൈ: ഐ.പി.എൽ 2025 സീസണു മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കെ, ടീമുകൾ വലിയ അഴിച്ചുപണിക്ക് തയാറെടുക്കുകയാണ്. പല വലിയ മുഖങ്ങളെയും ഇത്തവണ ടീമുകൾ കൈവിടുമെന്നാണ് പുറത്തുവരുന്ന വിവരം. ടീമുകൾക്ക് എത്ര പേരെ നിലനിര്‍ത്താനാവുമെന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഇന്ത്യൻ നായകൻ രോഹിത് ശർമ ഇത്തവണ മുംബൈ ഇന്ത്യൻസ് വിടുമെന്ന അഭ്യൂഹവും ശക്തമാണ്. ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ മുംബൈയിൽ എത്തിയതോടെയാണ് ടീമിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. താരാധിക്യമുള്ള മുംബൈ പലരെയും ഒഴിവാക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ടീമിൽ ആരൊക്കെ നിലനില്‍ക്കും, ആരെല്ലാം വിട്ടുപോവും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ലഖ്നോ സൂപ്പർ ജയന്‍റ്സിനെ ചുറ്റിപ്പറ്റിയാണ് രോഹിത്തിന്‍റെ പേര് ഉയർന്നുവരുന്നത്. 50 കോടി രൂപ ശമ്പള പാക്കേജില്‍ രോഹിത്തിനെ ലഖ്നോ ടീം ഉടമ സഞ്ജീവ് ഗോയങ്ക വിളിച്ചെടുക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഒടുവിൽ ടീമിന്‍റെ ഫീൽഡിങ് പരിശീലകനും ദക്ഷിണാഫ്രിക്കൻ ഇതിഹാസവുമായ ജോണ്ടി റോഡ്സ് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. രോഹിത് ഒരു മികച്ച ബാറ്ററാണെങ്കിലും ലഖ്നോ വിജയത്തിനായി താരത്തിന്‍റെ സാന്നിധ്യം നിർബന്ധമാണെന്ന് തോന്നുന്നില്ലെന്ന് റോഡ്സ് പറഞ്ഞു.
മുംബൈ ഇന്ത്യൻസിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. പിന്നീടാണ് റോഡ്സ് ലഖ്നോ ടീമിലേക്ക് പോകുന്നത്. ‘മുംബൈ ഇന്ത്യൻസിനോടൊപ്പമുള്ള കാലയളവിൽ, ലോകത്തിലെ ഏറ്റവും മികച്ച ജോലി എനിക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രോഹിത് ശർമയുടെ പരിശീലനവും കളിയും നേരിട്ട് കണ്ടതാണ്, ഒരു മികച്ച താരമാണ്’ -റോഡ്സ് പറഞ്ഞു. ആരുണ്ട് എന്നതിനേക്കാൾ ടീമുകളുടെ സന്തുലിതാവസ്ഥയാണ് പ്രധാനം, രോഹിത് ശർമ ബാറ്റ് ചെയ്യുന്നത് കാണാൻ ഇഷ്ടമാണ്. അദ്ദേഹത്തെ ടീമിലെത്തിക്കണം, വലിയ മാറ്റമുണ്ടാക്കാം എന്നൊന്നും പറയില്ല. പക്ഷേ, ആരു വന്നാലും എന്ത് സംഭവിച്ചാലും പരമാവധി പിന്തുണ നൽകുമെന്നും റോഡ്സ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.