രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ പിടിമുറുക്കുന്നു. മികച്ച ബാറ്റിങ് കാഴ്ചവെച്ച കേരളത്തിന്‍റെ നായകൻ സച്ചിൻ ബേബി 98 റൺസ് നേടി പുറത്തായി. ഏഴാമനായാണ് ബേബി മടങ്ങിയത്. 235 പന്തുകൾ ചെറുത്ത് നിന്ന ഇടംകയ്യൻ താരം പത്ത് ഫോറുകളടിച്ചാണ് 98 റൺസ് സ്വന്തമാക്കിയത്. പാർത്ഥ് രെഖാദെയടെ പന്തിൽ മിഡ് വിക്കറ്റിലേക്ക് ഉയർത്തിയടിച്ച സച്ചിന്‍റെ കണക്കുക്കൂട്ടലുകൾ തെറ്റി, h അവിടെ ഫീൽഡ് ചെയ്തിരുന്ന കരുൺ നായരിന്‍റെ കയ്യിലെത്തുകയായിരുന്നു. ശ്രദ്ധയോടെ ബാറ്റ് വീശിയ കേരളത്തിന്‍റെ നായകൻ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായ നിരാശയോട ഗ്രൗണ്ടിൽ കുറച്ച് നേരം ഇരുന്നു.
അഞ്ചാമനായി ക്രീസിലെത്തിയ സച്ചിൻ ബേബി ആഥിത്യ സർവാതെയുമായി 63 റൺസിന്‍റെ കൂട്ടുക്കെട്ടും ആറാം വിക്കറ്റിൽ കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനുമൊത്ത് 59 റൺസ് കൂട്ടുക്കെട്ടും സൃഷ്ടിച്ചു. 27 റൺസ് നേടിയ അവസാന ബാറ്ററായ ജലജ് സക്സേനയും പുറത്തായി.
ആറ് റൺസുമായി ഈദൻ ആപ്പിൾ ടോം, റണ്ണൊന്നുമെടുക്കാതെ എം.ഡി. നിധീഷ് എന്നിവരാണ് നിലവിൽ ക്രീസിൽ. വിദർഭക്കായി ദർശൻ നൽകൺഠെ മൂന്ന് വിക്കറ്റും ഹർഷ് ദുബെ പാർത്ഥ് രഖാദെ എന്നിവർ് രണ്ട് വിക്കറ്റും നേടി. രണ്ട് വിക്കറ്റ് ബാക്കിയിരിക്കെ കേരളത്തിന്‍റെ വാലറ്റ നിരക്ക് 40ന് മുകളിൽ റൺസ് നേടിയാൽ മാത്രമാണ് ലീഡ് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിങ് ആരംഭിച്ചത്. ഇന്ന് ആദ്യം പുറത്തായത് 79 റൺസെടുത്ത ആദിത്യ സർവതെയാണ്. സ്കോർ 219ലെത്തി നിൽക്കേ 21 റൺസെടുത്ത സൽമാൻ നിസാറും പുറത്തായി. പിന്നീട് മുഹമ്മദ് അസ്‌ഹറുദ്ദീനെ കൂട്ടുപിടിച്ച് സചിൻ ബേബി രക്ഷാപ്രവർത്തനം തുടർന്നു.
ഇന്നലെ ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായ കേരളത്തെ ആദിത്യ സർവതെ-അഹ്മദ് ഇംറാൻ കൂട്ടുകെട്ടാണ് കരകയറ്റിയത്. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ആദ്യ ഓവറിൽ തന്നെ കേരളത്തിന് ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. ദർശൻ നൽകണ്‌ഠെയുടെ പന്തിൽ വിക്കറ്റ് തെറിക്കുകയായിരുന്നു. ഇതിൻ്റെ ഞെട്ടൽ മാറുംമുമ്പേ മൂന്നാം ഓവറിൽ അടുത്ത വിക്കറ്റും വീണു. 14 റൺസെടുത്ത അശ്വിൻ ചന്ദ്രൻ്റെ വിക്കറ്റാണ് നഷ്ടമായത്.
പിന്നീടെത്തിയ ആദിത്യ സർവതെ -അഹ്മദ് ഇംറാൻ സഖ്യം കരുതലോടെ മുന്നേറി കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റി. 93 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. സർവതെക്ക് മികച്ച പിന്തുണ നൽകി കളിച്ചിരുന്ന അഹ്മദ് ഇംറാൻ (37) യാഷ് താക്കൂറിൻ്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റൻ സചിൻ ബേബി രണ്ടാംദിനം കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ കാത്തു.
നേരത്തെ, 153 റൺസെടുത്ത ഡാനിഷ് മാലേവാറിനും 86 റൺസെടുത്ത കരുൺ നായറിന്റേയും മികവിലാണ് വിദർഭ 379 റൺസെടുത്തത്. മറ്റാർക്കും വിദർഭക്കായി കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.കേരള ബൗളർമാരിൽ മൂന്ന് വിക്കറ്റ് വീതമെടുത്ത നിധീഷും ഏദൽ ആപ്പിൾ ടോമുമാണ് തിളങ്ങിയത്. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ബേസിലിന്‍റെ പ്രകടനവും കേരളത്തിന് നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.