കൊൽക്കത്ത: ഏകദിന സെഞ്ച്വറിയിൽ തന്‍റെ റെക്കോഡിനൊപ്പമെത്തിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ. 35ാം ജന്മദിനത്തിലാണ് കോഹ്ലി ഏകദിനത്തിലെ 49ാം സെഞ്ച്വറി നേടി സചിനൊപ്പമെത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 121 പന്തിൽ പത്ത് ഫോറടക്കം 101 റൺസെടുത്ത് താരം പുറത്താവാതെ നിന്നു. 277 ഇന്നിങ്സുകളിലാണ് താരം ഇത്രയും സെഞ്ച്വറി നേടിയത്. എന്നാൽ, സചിൻ 452 ഇന്നിങ്സുകളിലാണ് (463 മത്സരം) 49 സെഞ്ച്വറികളെന്ന നേട്ടം കൈവരിച്ചത്. സമൂഹമാധ്യമങ്ങളില്‍ കോഹ്ലിയുടെ ചിത്രം പങ്കുവെച്ചാണ് സചിന്‍ കോഹ്ലിക്ക് അഭിനന്ദനം നേര്‍ന്നത്.
കോഹ്ലി നന്നായി കളിച്ചുവെന്ന് പ്രശംസിച്ച സചിന്‍ അടുത്ത ദിവസങ്ങളില്‍ തന്റെ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘വിരാട് നന്നായി കളിച്ചു. ഈ വർഷം 49ൽനിന്ന് 50ൽ എത്താൻ എനിക്ക് 365 ദിവസം എടുക്കേണ്ടിവന്നു. അടുത്ത ദിവസങ്ങളിൽതന്നെ 49ല്‍ നിന്ന് 50ലെത്തി എന്റെ റെക്കോഡ് മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍’ -സചിന്‍ കുറിച്ചു
സചിന് ഈ വർഷമാണ് 50 വയസ്സ് തികഞ്ഞത്. കോഹ്‍ലിയുടെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 326 റൺസെടുത്തു. സ്വപ്നം പോലെ തോന്നുന്നുവെന്നാണ് ബാറ്റിങ്ങിനുശേഷം കോഹ്ലി റെക്കോഡ് സെഞ്ച്വറി നേട്ടത്തിൽ പ്രതികരിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ 79ാം സെഞ്ച്വറി കൂടിയാണ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്ലി നേടിയത്. ടെസ്റ്റില്‍ 29 സെഞ്ച്വറിയും ട്വന്റി20യില്‍ ഒരു സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്. 100 സെഞ്ച്വറികളുള്ള സചിന്‍ മാത്രമാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്. സചിൻ ടെസ്റ്റില്‍ 51 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.