ചിത്രം: PTI

ഹാപ്പി ബർത്ത്ഡേ സചിൻ; മാസ്റ്റർ ബ്ലാസ്റ്റർക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച വരദാനമാണ് സചിൻ രമേശ് ടെണ്ടുൽക്കർ. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്റെ 49ാം പിറന്നാളാണ് ഞായറാഴ്ച. 1973 ഏപ്രിൽ 24ന് ജനിച്ച സചിൻ 24 വർഷത്തെ കരിയറിനിടെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് സ്വന്തമാക്കാവുന്ന നേട്ടങ്ങളെല്ലാം പേരിലാക്കിയാണ് പാഡ് അഴിച്ചത്. കളിക്കളത്തിലില്ലെങ്കിലും ഓരോ വർഷവും സചിന്റെ പിറന്നാൾ ആരാധകരും ക്രിക്കറ്റ് സമൂഹവും വിപുലമായി ആഘോഷിക്കാറുണ്ട്.

സചിൻ എന്ന വിക്കറ്റ് വേട്ടക്കാരനെ അടയാളപ്പെടുത്തുന്ന വിഡിയ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇതിഹാസത്തിന്റെ പിറന്നാൾ ദിനം അടയാളപ്പെടുത്തിയത്. സചിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ നേട്ടങ്ങൾ കുറിച്ച് ബി.സി.സി.ഐയും ട്വിറ്ററിലൂടെ ആശംസിച്ചു.

ഇന്ത്യയുടെ മുൻതാരങ്ങളായ വി.വി.എസ്. ലക്ഷ്മൺ, ഗൗതം ഗംഭീർ, സുരേഷ് റെയ്ന എന്നിവരും ദിനേഷ് കാർത്തിക്ക്, ഹർഭജൻ സിങ്, ഇശാന്ത് ശർമ, മായങ്ക് അഗർവാൾ എന്നിവരും സചിന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചു. സചിനോടൊപ്പമുള്ള ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചു.

24 വർഷം നീണ്ടുനിന്ന കരിയറിൽ 34357 അന്താരാഷ്ട്ര റൺസാണ് സചിൻ അടിച്ചുകൂട്ടിയത്. ടെസ്റ്റിലും ഏകദിനത്തിലൂം ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സചിനാണ്. ഏകദിനത്തിൽ 18426ഉം ടെസ്റ്റിൽ 15921 റൺസുമാണ് സചിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഏകദിനത്തിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരവും മറ്റാരുമല്ല. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരായിരുന്നു അതുല്യ നേട്ടം.

100 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ മറ്റൊരു താരവും ഇന്ന് ഭൂമിയിലില്ല. ഏകദിനത്തിൽ 49ഉം ടെസ്റ്റിൽ 51ഉം അടക്കമാണ് സചിൻ സെഞ്ച്വറിയുടെ കാര്യത്തിൽ സെഞ്ച്വറിയടിച്ചത്. 1989ൽ ലാഹോറിൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച ശേഷം സചിന്റെ തോളിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പ്രയാണം. ആറ് ലോകകപ്പുകളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ സചിൻ 2011ൽ ലോകം ജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായി. സചിനെ റോൾമോഡലാക്കി കരുതുന്ന നിരവധി താരങ്ങളാണ് പിൻകാലത്ത് ഇന്ത്യൻ ടീമിലെത്തിയത്.

2013ൽ വിരമിച്ച താരത്തെ രാജ്യം ഭാരതരത്ന ൽകി ആദരിച്ചു. നിലവിൽ പാർലമെന്റംഗമാണ് സചിൻ. കഴിഞ്ഞ വർഷം റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ സചിൻ വീണ്ടും പാഡുകെട്ടിയിരുന്നു. സചിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ കിരീടം ചൂടുകയും ചെയ്തു. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ മുംബൈ ഇന്ത്യൻസിന്റെ മെന്ററാണ് സചിൻ.







Tags:    
News Summary - Sachin Tendulkar turns 49; Cricket fraternity wishes Master Blaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.