‘ദൈവത്തിനു നന്ദി, പറയാൻ വാക്കുകളില്ല’; സചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സജന സജീവൻ

ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യയുടെ മലയാളി വനിതാ താരം സജന സജീവൻ.

അവിശ്വസനീയം എന്ന് പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തത്. ‘ക്രിക്കറ്റ് കണ്ടു തുടങ്ങിയത് താങ്കൾ കാരണമാണ്, ക്രിക്കറ്റ് കളിച്ചു തുടങ്ങിയതും താങ്കളെ കണ്ടാണ്, ഇതാ ഇപ്പോൾ ഒരേ വേദിയിൽ താങ്കളോടൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരവും ലഭിച്ചു. നിങ്ങളുടെ വലിയ പ്രചോദനത്തിന് നന്ദി. പറയാൻ വാക്കുകളില്ല, ദൈവത്തിനു നന്ദി’ -എന്ന കുറിപ്പും ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം ബി.സി.സി.ഐ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സചിനൊപ്പമുള്ള ചിത്രം പകർത്തിയത്. മിന്നുമണിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ വയനാട്ടുകാരിയാണ് സജന. മാനന്തവാടി ഗവ. വി.എച്ച്.എസ് സ്കൂളിൽ പഠിക്കുന്ന സമയത്താണ് സജന ക്രിക്കറ്റിലെത്തുന്നത്. കേരള അണ്ടര്‍ 23 ടീം ക്യാപ്റ്റനായിരുന്നു.

മാനന്തവാടി ചൂട്ടക്കടവ് സജനാ നിവാസില്‍ ജി. സജീവന്റെയും മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ശാരദാ സജീവന്റെയും മകളാണ് സജന. ബി.സി.സി.ഐയുടെ സമഗ്ര സംഭാവന പുരസ്കാരത്തിനുള്ള സി.കെ. നായിഡു പുരസ്കാരം സചിനായിരുന്നു. രാജ്യത്തിനായി 664 മത്സരങ്ങൾ കളിച്ച മാസ്റ്റർ ബ്ലാസ്റ്റർ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോഡ് സ്വന്തം പേരിലാക്കിയാണ് കളി നിർത്തിയത്. 200 ടെസ്റ്റിലും 463 ഏകദിനങ്ങളിലും ഒരു ട്വന്റി20യിലുമാണ് കളിച്ചത്. ടെസ്റ്റിൽ 15,921ഉം ഏകദിനത്തിൽ 18,426ഉമാണ് സമ്പാദ്യം. 16ാം വയസ്സിൽ പാകിസ്താനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 2013ൽ വാംഖഡെ മൈതാനത്ത് കളിനിർത്തി.

2023-24ൽ രാജ്യത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പോളി ഉമ്രിഗർ പുരസ്കാരം പേസർ ജസ്പ്രീത് ബുംറ സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഐ.സി.സി താരമായും ടെസ്റ്റ് താരമായും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബി.സി.സി.ഐ ആദരവും എത്തുന്നത്. വനിത താരമായി സ്മൃതി മന്ദാനയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം നാല് ഏകദിന സെഞ്ച്വറികളടക്കം 743 റൺസ് നേടിയ താരം ഐ.സി.സി ഏകദിന താരമായിരുന്നു.

Tags:    
News Summary - Sajana Sajeevan shared a picture with Sachin Tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.