ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ പുതു ചരിത്രം കുറിച്ച് ഗ്ലാമോർഗൻ ബാറ്റർ സാം നോർത്ത്ഈസ്റ്റ്. ലെസ്റ്റർഷെയറിനെതിരെ 450 പന്തുകളിൽ പുറത്താകാതെ താരം നേടിയത് 410 റൺസ്. സാമിന്‍റെ കരുത്തില്‍ ഗ്ലാമോര്‍ഗന്‍ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 795 റണ്‍സെടുത്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറക്കുശേഷം ഒരു ഇന്നിങ്സിൽ 400 റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന അപൂർവ നേട്ടവും താരം സ്വന്തമാക്കി. 45 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ പ്രകടനം.
6.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒമ്പതു റൺസുള്ളപ്പോഴാണ് സാം ക്രീസിലെത്തുന്നത്. പിന്നാലെ ദക്ഷിണാഫ്രിക്കക്കാരനായ കോളിൻ ഇൻഗ്രാമും സാമും ചേർന്ന് മൂന്നാം വിക്കറ്റിൽ സ്കോർബോർഡിൽ എഴുതി ചേർത്തത് 306 റൺസ്. 139 റൺസെടുത്ത് കോളിൻ പുറത്തായി.
പിന്നാലെ ക്രീസിലെത്തിയ കിരൺ കാൾസണും ബില്ലി റൂട്ടും വേഗത്തിൽ മടങ്ങി. വിക്കറ്റ് കീപ്പർ ബാറ്റർ ക്രിസ് കൂക്ക് സാമിന് ഉറച്ച പിന്തുണ നൽകി. സാം 410 റൺസും കൂക്ക് 191 റൺസിലും നിൽക്കെ ഗ്ലാമോർഗൻ നായകൻ ഡേവിസ് ലോയ്ഡ് ഡിക്ലയർ വിളിക്കുകയായിരുന്നു. ലെസ്റ്റർഷെയറിന്‍റെ ആദ്യ ഇന്നിങ്സ് 584 റൺസിൽ അവസാനിച്ചിരുന്നു.
211 റൺസ് ലീഡ്. കൗണ്ടി ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോർ ലാറയുടെ പേരിലാണ്. 1994ൽ എഡ്ജ്ബാസ്റ്റണിൽ വാർക്ക്ഷെയറിനെതിരെ 501 റൺസാണ് താരം നേടിയത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡും ലാറയുടെ പേരിലാണ്. 2004ൽ ഇംഗ്ലണ്ടിനെതിരെ 400 റൺസാണ് താരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.