തകർത്തടിച്ച് സഞ്ജുവും സചിനും; കശ്മീരിനെ കീഴടക്കി കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും സചിൻ ബേബിയുടെയും ബാറ്റിങ് മികവിൽ കേരളത്തിന് ഉജ്വല ജയം. ജമ്മു കശ്മീരിനെ 62 റണ്‍സിനാണ് കീഴടക്കിയത്. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ തിരിച്ചുവരവ്. സഞ്ജു 56 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 61ഉം സചിന്‍ ബേബി 32 പന്തിൽ ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 62ഉം റണ്‍സെടുത്തു. 11 പന്തില്‍ 24 റണ്‍സെടുത്ത അബ്ദുൽ ബാസിത്തും 29 റണ്‍സെടുത്ത ഓപണര്‍ രോഹന്‍ എസ്. കുന്നുമ്മലും കേരളത്തിനായി തിളങ്ങി. കശ്മീരിന്റെ അതിവേഗ ബൗളറായ ഉമ്രാൻ മാലിക് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറിൽ 41 റൺസ് വഴങ്ങി. മുജ്തബ യൂസഫ് രണ്ടുവിക്കറ്റെടുത്തു.

185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീര്‍ 19 ഓവറിൽ 122 റണ്‍സിന് പുറത്താവുകയായിരുന്നു. ഓപണർമാർ ആദ്യ വിക്കറ്റില്‍ 4.1 ഓവറില്‍ 42 റണ്‍സെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും തുടർന്നെത്തിയവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. 14 പന്തില്‍ 30 റണ്‍സെടുത്ത ശുഭം ഖജൂരിയെ സിജോമോന്‍ ജോസഫ് വീഴ്ത്തിയതോടെയാണ് കളി കേരളത്തിന്റെ വരുതിയിലേക്ക് വന്നത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കെ.എം ആസിഫ്, ബേസില്‍ തമ്പി എന്നിവരാണ് കേരളത്തിനായി ബൗളിങ്ങിൽ തിളങ്ങിയത്. ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

ടോസ് നേടിയ കേരളം ടൂര്‍ണമെന്റില്‍ ആദ്യമായി ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍, ആദ്യ പന്തില്‍ തന്ന മുഹമ്മദ് അസ്ഹറുദ്ദീൻ മുജ്താബ് യൂസുഫിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. തൊട്ടുപിന്നാലെ ക്രീസിലെത്തിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആയിരുന്നു. കേരളം തോറ്റ രണ്ടു കളികളിലും ആറാം നമ്പറിലായിരുന്നു ക്യാപ്റ്റൻ ബാറ്റിങ്ങിനിറങ്ങിയത്. ഇത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സഞ്ജു തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ചപ്പോൾ രോഹന്‍ കുന്നുമ്മല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 20 പന്തില്‍ 29 റൺസെടുത്ത ഓപണറെ ആബിദ് മുഷ്താഖ് വീഴ്ത്തി. രോഹന് പകരമെത്തിയ സചിന്‍ ബേബി കൂടുതല്‍ ആക്രമണകാരിയായി. അവസാനം ഉമ്രാന്‍ മാലികിന് വിക്കറ്റ് നല്‍കിയാണ് സച്ചിന്‍ മടങ്ങിയത്. 

Tags:    
News Summary - Sanju and Sachin show; Kerala beats Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.