സഞ്ജൂ...മിന്നിച്ചേക്കണേ...; കൈവന്നത് ലോകകപ്പ് ടീമിലിടം നേടാനുള്ള സുവർണാവസരം

മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിൽ ഇടം നേടി മലയാളിതാരം സഞ്ജു സാംസൺ ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷമാണ് ടീമിൽ മടങ്ങിയെത്തുന്നത്. ടീം ഇന്ത്യയുടെ ഭാഗമാകാനുള്ള പ്രതിഭ വേണ്ടുവോളമുണ്ടായിട്ടും വിരുന്നുകാരനെ പോലെ വല്ലപ്പോഴും വന്നുപോകാൻ മാത്രമേ സഞ്ജുവിന് കഴിഞ്ഞിട്ടുള്ളൂ. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇടം നേടാനുള്ള അപൂർവ സുവർണാവസരമാണ് സഞ്ജുവിന് വെസ്റ്റ് ഇൻഡീസ് പര്യടനം.

സഞ്ജുവിന്റെ മടങ്ങി വരവ് മലയാളി ആരാധകരുടെ ഏറെ കാലത്തെ കാത്തിരിപ്പിന്റെ ഫലംകൂടിയാണ്. ഏകദിന ടീമിൽ ഉൾപ്പെട്ട വാർത്തകൾ പങ്കുവെച്ച് സഞ്ജുവിന് ഉപദേശങ്ങളുടെ പെരുമഴയാണ് സമൂഹമാധ്യമങ്ങളിൽ.

"നന്നായി...കളിക്കണേ സഞ്ജൂ.., ഇത് അവസാന ചാൻസാണ്, ലോകകപ്പ് ടീമിലെത്താനുള്ള സുവർണാവസരമാണ്, സെലക്ടർമാർ ഒടുവിൽ കണ്ണുതുറന്നു....." തുടങ്ങിയ ധാരാളം ആവേശം നിറക്കുന്ന വാക്കുകാളുമായാണ് മലയാളി ആരാധകർ സഞ്ജുവിനെ വരവേൽക്കുന്നത്.

അതേസമയം, ഏകദിന ടീമിൽ സഞ്ജു സാംസണ് പുറമെ ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് സഞ്ജുവിന് വിനയാകുമോ എന്നതാണ് ആരാധകരുടെ ആശങ്ക. ഇഷാൻ കിഷനെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി കളിപ്പിക്കുന്നത് കൊണ്ട് ഏകദിനത്തിൽ സഞ്ജുവിന് തന്നെ നറുക്ക് വീണേക്കുമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരെ അവസാനമായി ഏകദിനം കളിച്ച സാംസൺ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തിലാണ് അവസാനമായി ടീം ഇന്ത്യക്കായി പാഢണിഞ്ഞത്. അതിനുശേഷം, രാജസ്ഥാൻ റോയൽസ് താരം ഐ.പി.എല്ലിൽ പങ്കെടുത്തെങ്കിലും ഭേതപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. 13 ഇന്നിംഗ്സുകളിൽ നിന്ന് 360 റൺസ് മാത്രമാണ് നേടിയത്.

എന്നാൽ, ഏകദിനത്തിൽ മികച്ച ബാറ്റിംഗ് റെക്കോർഡുള്ളത് സഞ്ജുവിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. കരിയറിലെ 10 ഏകദിന ഇന്നിംഗ്സുകളില്‍ 66 ശരാശരിയില്‍ 330 റണ്‍സ് സഞ്ജുവിനുണ്ട്. രണ്ട് ഫിഫ്റ്റികള്‍ സഹിതമാണിത്.

അപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിന് ഈ വർഷം അവസാനം വരെ ടീമിനായി കളിക്കാനാവില്ല എന്നത് സഞ്ജു സാംസണും ഇഷാൻ കിഷനും അവസരങ്ങളേറെ നൽകുന്നുണ്ട്. 

Tags:    
News Summary - Sanju got a golden opportunity to get a place in the World Cup team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.